Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനും...

സി.പി.എമ്മിനും പിണറായിക്കും വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് സ്വീകാര്യമായിരിക്കും, പക്ഷേ, ആ സർട്ടിഫിക്കറ്റ് വെച്ചല്ല മലയാളി ജീവിക്കുന്നത് -ഉമേഷ് ബാബു

text_fields
bookmark_border
സി.പി.എമ്മിനും പിണറായിക്കും വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് സ്വീകാര്യമായിരിക്കും, പക്ഷേ, ആ സർട്ടിഫിക്കറ്റ് വെച്ചല്ല മലയാളി ജീവിക്കുന്നത് -ഉമേഷ് ബാബു
cancel

വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് പിണറായി വിജയന് ഏറെ സ്വീകാര്യമായിരിക്കുമെങ്കിലും ആ സർട്ടിഫിക്കറ്റ് വെച്ചല്ല മലയാളി ജീവിക്കുന്നതെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷനുമായ കെ.സി. ഉമേഷ്ബാബു. ‘വെള്ളാപ്പള്ളി നടേശന് സി.പി.എം എന്ന പാർട്ടിക്കും അതിന്റെ മുഖ്യമന്ത്രി പിണറായി വിജയനും എന്തു സർട്ടിഫിക്കറ്റും കൊടുക്കാൻ പറ്റും. അതവർക്ക് സ്വീകാര്യമായിരിക്കുകയും ചെയ്യും. പക്ഷേ, വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് വെച്ചിട്ടല്ല മലയാളി ജീവിക്കുന്നത്’- ഒരു ​ചാനൽ ചർച്ചയിൽ പ​ങ്കെടുക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യ സർക്കാറോ അതിനെ നയിക്കുന്ന പാർട്ടിയോ ചെയ്യാൻ പാടില്ലാത്തതാണ് പമ്പയിൽ നടത്തിയ അയ്യപ്പസംഗമമെന്നും ഈ ചെയ്യുന്നത് മുഴുവൻ സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും ഉമേഷ് ബാബു പറഞ്ഞു.

വളരെ ആപൽക്കരമായ പണിക്കാണ് കേരള സർക്കാർ വീണ്ടും പുറപ്പെട്ടിരിക്കുന്നത്. വലിയ ​തോതിൽ ലക്ഷക്കണക്കിന് ജനങ്ങളെ ആകർഷിക്കുന്ന, വരെ സെക്യുലറായ ആരാധനാ കേന്ദ്രമാണ് ശബരിമല. അങ്ങനെയല്ല എന്ന് വരുത്താൻ പലരും പലതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും അത് വില​പ്പോയിട്ടില്ല. അവിടെ 2018ൽ ഇതേപോലെ കേരള സർക്കാർ ഇടപെട്ടിരുന്നു. സർക്കാറിന് ശബരിമല ശാസ്താവിന്റെ കാര്യത്തിൽ ഇടപെടേണ്ട ഒരു കാര്യവുമില്ല. ശബരിമല ശാസ്താവിന് രക്ഷിതാവായി പിണറായി വിജയന്റേയോ കേരള സർക്കാറിന്റേയോ ആവശ്യമില്ല.


അതുപോലെ വേറൊരു സംവിധാനം ജനാധിപത്യത്തിന്റെ ഭാഗമായി കേരളത്തിൽ വികസിച്ച് വന്നിട്ടുണ്ട്. അതാണ് ദേവസ്വം ബോർഡ്. പിണറായി വിജയനോ സി.പി.എമ്മിനോ സി.പി.എമ്മിന്റെ സെക്രട്ടറിയായ എം.വി. ഗോവിന്ദനോ ശബരിമലയിൽ ഒരു കാര്യവുമില്ല. ശബരിമലയുടെ കാര്യം ശാസ്താവും ദേവസ്വം ബോർഡും നോക്കിക്കോളും.

2018ൽ അനാവശ്യമായി അവിടെ ഇടപെട്ടതിന്റെ മാരകഫലം നമ്മൾ പിന്നീട് കണ്ടതാണ്. നാമജപഘോഷയാത്ര അടക്കം വിശ്വാസികളുടെ വിശ്വാസത്തിന് തീപിടിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിത്തീരുകയും ശബരിമലയും ശാസ്‍താവും വലിയ വിവാദ കേന്ദ്രമായിത്തീരുകയും ചെയ്തു. പിറ്റേത്തവണ നടന്ന തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കണ്ടതാണെന്നും ഉമേഷ് ബാബു ചൂണ്ടിക്കാട്ടി.

ഒരു ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ സർക്കാറുകൾ ചെയ്യേണ്ട പണിയല്ല സർക്കാറും പിണറായി വിജയനും ആ പാർട്ടിയും 2018ൽ ചെയ്തത്. നവോത്ഥാനം എന്നുപറഞ്ഞിട്ടാണ് അതൊക്കെ ചെയ്തത്. നവോത്ഥാനം എന്നാൽ ഇതാണോ? നവോത്ഥാനം ഇങ്ങനെയല്ല ഉണ്ടാവുക. അതിന്റെ വഴി മുഴുവൻ വേറെയാണ്. പ്രായപരിധി കുറഞ്ഞ സ്ത്രീകളെ പൊലീസുകാർ ചുമന്ന് പിൻഗേറ്റിലൂടെ അകത്തുകയറ്റുന്ന ഏർപ്പാടിനെയല്ല നവോത്ഥാനം എന്ന് പറയുക.


ഒരു സർക്കാറിന്റെ അപക്വതയുടെ, രാഷ്ട്രീയമോ സാമൂഹികപരമോ ആയ വിവേചന ബുദ്ധിയില്ലായ്മയുടെ പരമകാഷ്ഠയാണ് നമ്മൾ അന്ന് കണ്ടതെങ്കിൽ, അതിന്റെ പുതിയ അവതാരമാണ് ഇ​പ്പോൾ ഉണ്ടാകുന്നത്. കാരണം, സർക്കാറും സി.പി.എം എന്ന പാർട്ടിയുമാണ് വീണ്ടും ശാസ്‍താവിന്റെ കാര്യത്തിൽ ഇടപെട്ടിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമം സർക്കാർ നടത്തേണ്ട ആവശ്യമെന്താണ്? പണ്ട് രണ്ട് കാലങ്ങളിൽ മാത്രമായിരുന്നു അവിടെ വിശ്വാസികൾ പോയിരുന്നത്. ഇപ്പോൾ എല്ലാ മാസവും നട തുറക്കു​ന്നുണ്ട്. ശബരിമല ശാസ്താവ് ആഗോള വിശ്വാസിക​ളെ എല്ലാ കാലത്തും സംഘടിപ്പിക്കുന്നുണ്ട്. സർക്കാറും ദേവസ്വം ബോർഡും അതിന്റെ മറ്റു കാര്യങ്ങൾ നോക്കിയാൽ മതി.

ഇപ്പോൾ സർക്കാർ നടത്തുന്ന സംഗമം തീക്കളിയാണ്. ഉത്തരേന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം 1970കളിലും 80കളിലുമൊക്കെ ദേശീയ അഭിമാനത്തിന്റെ ദൈവരൂപമായി രാമനെ ഉയർത്തിക്കൊണ്ടുവന്നത് നമ്മൾ കണ്ടതാണ്. അത് ഉച്ചസ്ഥായിയിലെത്തിയതാണ് രാമക്ഷേത്ര പ്രതിഷ്ഠയിലൂടെയൊക്കെ നമ്മൾ കണ്ടത്. അതിന്റെ കേരള വേർഷൻ ഉണ്ടാക്കാനാണിപ്പോൾ പിണറായിയും സംഘവും പുറപ്പെട്ടിരിക്കുന്നത്. ശാസ്താവ് കേരളത്തിന്റെ പൊതുദൈവമാണ് എന്ന് വരുത്തിത്തീർക്കാനുള്ള, ഒരു തരത്തിലും വിജയിക്കാനിടയില്ലാത്ത ശ്രമമാണിത്.


അതിന്റെ ഫലമെന്താണ്? ഏഴു വർഷത്തിനുശേഷം സർക്കാർ വീണ്ടും ശബരിമലയിൽ കൈകടത്തിയിരിക്കുന്നു. വിശ്വാസത്തിൽ ഇതുപോലെ സർക്കാറുകൾക്ക് കൈകടത്താനാകില്ല. അത് ആപത്കരമായ ഫലങ്ങളുണ്ടാക്കും. ബഹുമതങ്ങളുള്ള, ഉത്തരേന്ത്യയെ അപേക്ഷിച്ച് ക്രിസ്തുമത, ഇസ്‍ലാം മത വിശ്വാസികൾ താരതമ്യേന കൂടുതലുള്ള കേരളത്തിൽ പ്രത്യേകിച്ചും. വിശ്വാസത്തിൽ സർക്കാർ കൈകടത്തുമ്പോൾ ബി.ജെ.പിക്കാർക്ക് വഴി എളുപ്പമാവുകയാണ്. 2018ൽ എന്താണോ ചെയ്തത്, അതേ പ്രവർത്തനത്തിന്റെ പുതിയൊരു അധ്യായം അവരിപ്പോൾ പമ്പയിൽ നടത്തിയിരിക്കുന്നു.

സി.പി.എം എന്ന പാർട്ടിക്കോ അതിന്റെ മുഖ്യമന്ത്രി പിണറായി വിജയനോ എന്തു സർട്ടിഫിക്കറ്റും വെള്ളാപ്പള്ളി നടേശന് കൊടുക്കാൻ പറ്റും. പക്ഷേ, വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് വെച്ചിട്ടല്ല മലയാളി ജീവിക്കുന്നത്. അതാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആലപ്പുഴയിലെ വോട്ടിങ് നോക്കിയാൽ മനസ്സിലാവുക. വെള്ളാപ്പള്ളി പറഞ്ഞ വഴിക്കല്ല ആലപ്പുഴയിലെ വോട്ടിങ് പാറ്റേൺ ഉണ്ടായിരിക്കുന്നത്. ​

വെള്ളാപ്പള്ളി കൊടുക്കുന്ന സർട്ടിഫിക്കറ്റ് പിണറായി വിജയനും എം.വി ഗോവിന്ദനും സി.പി.എമ്മിനുമൊക്കെ ഏറെ സ്വീകാര്യമായിരിക്കും. പക്ഷേ, കേരളത്തിലെ ജനങ്ങ​ളൊന്നും ആ വഴിക്കല്ല പോകുന്നത്. ആ ജനങ്ങളെ ഹൈപ്പറായ മതസ്വത്വത്തിലേക്ക് തള്ളിവിടുന്ന ശുദ്ധ തോന്നിവാസമാണ് സർക്കാർ നടത്തുന്നത്. ഇ​പ്പോൾ ബി.ജെ.പിക്കാർക്ക് വലിയ സൗകര്യമായില്ലേ. കൂടുതൽ ആളുകൾ പോയത് പമ്പയിലല്ല, പന്തളത്തെ പരിപാടിക്കാണെന്ന് നമ്മൾ കാണുന്നുണ്ട്. അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട സ്ഥലമാണ് പന്തളം. 2018നുശേഷം വീണ്ടും പന്തളത്തെ ഉപയോഗിക്കാനാണ് അവർ ശ്രമിക്കുന്നത്.


ഇത് ഒരു ജനാധിപത്യ സർക്കാറോ അതിനെ നയിക്കുന്ന പാർട്ടിയോ ചെയ്യാൻ പാടില്ലാത്തതാണ്. ഇതുകൊണ്ട് വലിയ രാഷ്ട്രീയ ലാഭമുണ്ടാവുമെന്നാണ് അവർ കരുതുന്നത്. എങ്ങനെയാണ് പിണറായി വിജയനും സി.പി.എമ്മും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ അയ്യപ്പ ഭക്തി വിറ്റ് ജനങ്ങളെ കൊണ്ടുവരിക? അത് അവർക്ക് സാധിക്കുകയില്ല. ഈ ചെയ്യുന്നത് മുഴുവൻ തിരിച്ചടിക്കുമെന്നുറപ്പ്. എന്നാൽ, സംഘപരിവാരത്തിന് അത് കുറേക്കൂടി എളുപ്പത്തിൽ സാധിക്കും. കാര്യങ്ങൾ ആ വഴിക്ക് പോകുമെന്നാണ് താൻ കരുതുന്നതെന്നും ഉമേഷ് ബാബു പറഞ്ഞു.

Show Full Article
TAGS:Ayyappa sangamam Pinarayi Vijayan KC Umesh Babu Vellapally Natesan 
News Summary - Democratic Government Or Party Should Not Conduct Ayyappa Sangamam
Next Story