‘ഡോറ’ കഴിഞ്ഞവർ തൊഴിലിനായി നെട്ടോട്ടമോടുന്നു
text_fieldsകോഴിക്കോട്: ഏറെ തൊഴിലവസരങ്ങൾ ഉണ്ടെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റൻസ് (ഡോറ) കോഴ്സ് പഠിച്ചിറങ്ങിയവർ ജോലിക്കായി പരക്കംപായുന്നു. ഡെന്റൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ചെയർ സൈഡ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് കോഴ്സ് കഴിഞ്ഞവർക്ക് ജോലി സാധ്യതയുള്ളത്. എന്നാൽ, കോഴ്സ് ആരംഭിച്ച് 14 വർഷം പിന്നിട്ടെങ്കിലും ചെയർ സൈഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഇതുവരെ സർക്കാർ നിയമിച്ചത് 10 പേരെയാണ്. ഡോറ അടിസ്ഥാന യോഗ്യത നിശ്ചയിച്ച് പി.എസ്.സി പരീക്ഷ നടത്തിയത് ഒരുതവണ മാത്രവും.
ഏറെ പ്രതിഷേധങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനങ്ങളുമായി ഉദ്യോഗാർഥികൾ വിടാതെ പിന്തുടർന്നതിനെത്തുടർന്നായിരുന്നു ചെയർ സൈഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ‘ഡോറ’ കോഴ്സ് യോഗ്യതയായി പരിഗണിച്ച് പി.എസ്.സി വിജ്ഞാപനമിറക്കിയതും പരീക്ഷ നടത്തിയതും. എന്നാൽ, അതിൽനിന്ന് ഇതുവരെ നിയമിച്ചത് 10 പേരെ മാത്രം. സർക്കാർ മേഖലയിൽ പുതിയ തസ്തിക സൃഷ്ടിക്കപ്പെടാത്തതും സ്വകാര്യ മേഖലയിൽ തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂവെന്നതും കാരണം ദുരിതത്തിലായിരിക്കുകയാണ് ഡോറ കോഴ്സ് കഴിഞ്ഞവർ. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവർക്ക് മാത്രമാണ് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
2011ലാണ് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഗവ. ഡെന്റൽ കോളജുകളിൽ ഡോറ കോഴ്സ് തുടങ്ങിയത്. കോട്ടയം ഡെന്റൽ കോളജിലും പിന്നീട് ആരംഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളും ഇപ്പോൾ ഡോറ കോഴ്സ് നടത്തുന്നുണ്ട്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശ പ്രകാരവും കേരള ആരോഗ്യ സർവകലാശാലയുടെ ചട്ടങ്ങൾ പ്രകാരവും ഡെന്റൽ കോളജുകളിൽ 50 ബി.ഡി.എസ് സീറ്റിന് 10 ചെയർ സൈഡ് അസിസ്റ്റന്റ് പോസ്റ്റുകൾ വേണം. എന്നാൽ, തൃശൂർ, ആലപ്പുഴ ഗവ. ഡെന്റൽ കോളജുകളിൽ അഞ്ച് വീതം 10 തസ്തികകളിലേക്ക് മാത്രമാണ് നിയമനം നടത്തിയത്.