ആഗോള അയ്യപ്പസംഗമം; രാഷ്ട്രീയനീക്കമെന്ന ആക്ഷേപം പൊളിക്കാൻ വമ്പൻ പദ്ധതികളുമായി ദേവസ്വം ബോർഡ്
text_fieldsപത്തനംതിട്ട: ദേവസ്വംബോർഡിനെ മുൻനിർത്തിയുള്ള രാഷ്ട്രീയനീക്കമെന്ന ആക്ഷേപങ്ങൾക്കിടെ, ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കൻ വമ്പൻ പദ്ധതികളുമായി ബോർഡ്. നിലയ്ക്കൽ ടൗൺഷിപ് അടക്കം 500 കോടിയോളം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളാകും സെപ്റ്റംബർ 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കുക. രാഷ്ട്രീയലക്ഷ്യമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻകൂടി ലക്ഷ്യമിട്ട് പ്രതിനിധികൾക്ക് മുന്നിൽ ഓരോ പദ്ധതികളുടെയും വിശദ രൂപരേഖ അവതരിപ്പിക്കാനാണ് നീക്കം. സമുദായസംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻകൂടി ഇതിലൂടെ ബോർഡ് ലക്ഷ്യമിടുന്നു.
പതിനെട്ടാംപടി കയറിയെത്തുന്ന മേലേതിരുമുറ്റത്ത് ശ്രീകോവിലും നാലമ്പലവും കൊടിമരവും മാത്രം നിലനിർത്തി, മറ്റ് നിർമിതികൾ നീക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. ഇപ്പോൾ ഈ ഭാഗത്ത് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി എന്നിവരുടെ മുറികൾ, എക്സിക്യൂട്ടിവ് ഓഫിസ്, പൂജ സാധനങ്ങൾ സൂക്ഷിക്കുന്ന മുറി, ദേവസ്വം ഗാർഡുമാരുടെ മുറി, സ്റ്റോർ മുറി എന്നിവയുണ്ട്. ഇതിന് തൊട്ടുതാഴെ എക്സിക്യൂട്ടിവ് ഓഫിസർ, അസി. എക്സിക്യൂട്ടിവ് ഓഫിസർ, ഭണ്ഡാരം സ്പെഷൽ ഓഫിസർ, വിജിലൻസ് ഓഫിസർ എന്നിവരുടെ മുറികളും അരവണ പ്ലാന്റുമുണ്ട്. ഇവയെല്ലാം മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ആലോചന. 300 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ശബരിമല മാസ്റ്റർപ്ലാനിലും ഇടംപിടിച്ചിരുന്നു.
പ്രളയസമയങ്ങളിൽ ശബരിമല ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള പാലത്തിന്റെ നിർദേശവും അവതരിപ്പിക്കും. പമ്പയിലെ ബസ് സ്റ്റോപ്പിൽനിന്ന് തുടങ്ങി പമ്പ ഗണപതിക്ഷേത്രത്തിനുപിന്നിൽ അവസാനിക്കുന്ന തരത്തിലാണ് പാലം. 31.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യ ശബരിമല ഇടത്താവളമായ നിലയ്ക്കലിനെ ടൗൺഷിപ് എന്നനിലയിലേക്ക് ഉയർത്താനുള്ള പദ്ധതിയും പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. വിദേശത്തുനിന്നുള്ള ഭക്തസംഘങ്ങളും എത്തുന്ന സാഹചര്യത്തിൽ ഇവക്കുള്ള പണം സംഗമത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പറയുന്നു. 500 വിദേശ പ്രതിനിധികൾക്കാണ് ക്ഷണം.


