നെയ്യ് വിതരണം; മിൽമക്ക് ടെൻഡർ നൽകിയത് കുറഞ്ഞ വില ക്വോട്ട് ചെയ്ത രണ്ട് കമ്പനികളെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ കൂടിയ വിലക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയത് കുറഞ്ഞ വില ക്വോട്ട് ചെയ്ത രണ്ട് കമ്പനികളെ ഒഴിവാക്കി. ഇതുവഴി ദേവസ്വം ബോർഡിന് രണ്ട് കോടിയിലധികം രൂപ നഷ്ടമായെന്ന് വിജിലൻസ് എഫ്.ഐ.ആർ. തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപക്കും കൊച്ചിയിലെ സ്വാമി അയ്യപ്പ എന്‍റർപ്രൈസസിന് 375 രൂപക്കും നെയ്യിന് ടെൻഡർ നൽകിയിരുന്നു.
ഇതൊഴിവാക്കിയാണ് 510 രൂപ നിരക്കിൽ 1,61,535 ലിറ്റർ നെയ്യ് മിൽമയിൽനിന്ന് വാങ്ങിയത്. മിൽമയുടേതെന്ന പേരിൽ ഗുണനിലവാരം കുറഞ്ഞ നെയ്യാണ് എത്തിച്ചത്. ഇതും ഭക്തർ സമർപ്പിച്ച നെയ്യും ചേർത്താണ് അരവണ തയാറാക്കിയത്. മിൽമയിൽനിന്ന് നെയ്യ് വാങ്ങാമെന്ന ആശയത്തിനുപിന്നിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരിബാബുവായിരുന്നു. 10 ലിറ്റർ നെയ്യ് ഉപയോഗിച്ചാണ് സാധാരണ ഒരു ബാച്ച് അരവണ തയാറാക്കുന്നത്.
മിൽമ നെയ്യ് ഉപയോഗിച്ചാൽ ഏഴു ലിറ്റർ മതിയെന്നാണ് മുരാരിബാബു ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. ഇതനുസരിച്ചാണ് അന്നത്തെ പ്രസിഡന്‍റ് പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയിലെ മാർക്കറ്റിങ് മാനേജരുമായി ചർച്ച നടത്തിയതും നെയ്യ് വാങ്ങിയതും. അഴിമതി നിരോധന നിയമം, 1988ലെ വകുപ്പ് ഏഴ്, വകുപ്പ് 13(2) സഹിതം വകുപ്പ് 13(1)(എ), കൂടാതെ ഭാരതീയ ന്യായസംഹിത, 2023ലെ വകുപ്പ് 61(2), വകുപ്പ് 316(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് വിജിലൻസ് സതേൺ റേഞ്ച് കേസെടുത്തത്.


