ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരില്ല
text_fieldsഇരിട്ടി: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ഇരിട്ടി സ്വദേശിനിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരില്ല. ജപ്പാനിൽ തന്നെ സംസ്കരിച്ച് ചിതാഭസ്മം നാട്ടിൽ കൊണ്ടുവരാനാണ് തീരുമാനം. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവിക (22) ആണ് ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ചത്.
മൃതദേഹം ഛിന്നഭിന്നമായതിനാൽ കൊണ്ടുവരാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതേതുടർന്നാണ് അവിടെ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളായ രണ്ടുപേരെ ജപ്പാനിൽ കൊണ്ടുപോകാമെന്ന് ജോലി ഏർപ്പാടാക്കിയ ഏജൻസി അറിയിച്ചിരുന്നു. എന്നാൽ, യാത്രാചെലവ് മാത്രമാണ് തങ്ങൾ വഹിക്കുകയെന്നും മറ്റുള്ള ചെലവുകൾ കുടുംബം കണ്ടെത്തണമെന്നും അവർ പറഞ്ഞു. ദേവികയുടെ നിർധന കുടുംബത്തിന് ഈ തുക സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ ബന്ധുക്കൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. ഇതേതുടർന്നാണ് മൃതദേഹം സംസ്കരിച്ച് ചിതാഭസ്മം നാട്ടിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്‌സിങ് അസിസ്റ്റന്റായിരുന്നു. മൂന്നുവർഷത്തെ കരാർ കാലാവധിയിൽ ആറുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ആത്മഹത്യയാണെന്നാണ് അറിയുന്നത്.


