മാലിന്യം തള്ളുന്നത് കണ്ടോ? ഫോട്ടോയെടുത്ത് 9446 700 800 നമ്പറിലേക്ക് അയക്കൂ, പാരിതോഷികവും നേടാം
text_fieldsകോഴിക്കോട്: പൊതുസ്ഥലങ്ങളിലോ സ്വകാര്യസ്ഥലങ്ങളിലോ ജലാശയങ്ങളിലോ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടോ? എങ്കിൽ ഉടൻ ഫോണെടുത്ത് വിഡിയോയോ ഫോട്ടോയോ ചിത്രീകരിക്കൂ. ഉത്തരവാദികളെ കണ്ടെത്തി പിഴയടപ്പിക്കുകയും ചെയ്യാം 2500 രൂപ വരെ പാരിതോഷികം സ്വന്തമാക്കുകയും ചെയ്യാം. മാലിന്യം കത്തിക്കുകയോ മലിനജലം ഒഴുക്കിവിടുകയോ ചെയ്താലുമെല്ലാം പരാതിപ്പെടാം.
9446 700 800 എന്ന വാട്‌സാപ്പ് നമ്പറിലൂടെയാണ് തെളിവ് സഹിതം പരാതികൾ നൽകേണ്ടത്. പൊതുജനങ്ങൾക്കായി സർക്കാർ ആരംഭിച്ച കേന്ദ്രീകൃത വാട്‌സാപ്പ് സംവിധാനമാണിത്. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും ഈ നമ്പർ ഉപയോഗിക്കാം.
തദ്ദേശസ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വമിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. വാട്‌സാപ്പ് നമ്പരിൽ മലിനമാക്കുന്നവരുടെ പേര്, വാഹന നമ്പർ ലഭ്യമെങ്കിൽ അതും ഫോട്ടോകളും സഹിതം പരാതി അറിയിക്കാം. ലൊക്കേഷൻ വിശദാംശങ്ങളും നൽകണം. ഇങ്ങനെ ലഭിക്കുന്ന പരാതികൾ മാലിന്യമുക്തം നവകേരളം കാമ്പെയിന്റെ ഭാഗമായി വികസിപ്പിച്ച വാർറൂം പോർട്ടലിലൂടെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും.
വാട്സാപ്പിലൂടെ ലഭിക്കുന്ന പരാതികൾ തെളിവ് പരിശോധിച്ചാണ് നടപടിയെടുക്കുക. പിഴ ചുമത്തുന്നതിന് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്ക് നിയമലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനമോ, അല്ലെങ്കിൽ പരമാവധി 2500 രൂപയോ ആണ് വിവരം അറിയിക്കുന്നയാൾക്ക് പാരിതോഷികം നൽകുക. നിയമലംഘനം നടത്തിയ വ്യക്തി, പിഴ തുക അടച്ചാൽ 30 ദിവസത്തിനുള്ളിൽ മലിനീകരണം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പാരിതോഷികം നൽകേണ്ടതാണ്.
മലിനീകരണത്തെ കുറിച്ച് ഒരാൾ പരാതി തെളിവു സഹിതം നൽകിയാൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ തുടർനടപടി സ്വീകരിക്കണം.