ജ്യൂസ് വിറ്റ്, നാടിനായി കുടിവെള്ളമെത്തിച്ച് ഭിന്നശേഷിക്കാരന്റെ മാതൃക
text_fieldsദിനാസ് മുഹമ്മദ് വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നു
പെരുമ്പാവൂര്‍: ഈ ജലദിനത്തില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ കുടിവെള്ള വിതരണം മാതൃകയാവുകയാണ്. നഗരസഭയിലെ 12, 13 വാര്‍ഡുകളില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലേക്ക് ഒന്നാംമൈല്‍ കോന്നംകുടി വീട്ടില്‍ ദിനാസ് മുഹമ്മദാണ് (37) സ്വന്തം ചെലവില്‍ കുടിവെള്ളമെത്തിക്കുന്നത്. ദിനാസിന്റെ ഓട്ടോറിക്ഷയില്‍ മോട്ടോറും ടാങ്കും സ്ഥാപിച്ച് വെള്ളമുള്ള സ്ഥലങ്ങളില്‍ പോയി ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിനകം നിരവധി വീടുകളില്‍ വെള്ളമെത്തിച്ചു.
കഴിഞ്ഞയാഴ്ച പ്രദേശത്ത് കുടിവെള്ളത്തിന് ബുദ്ധിമുട്ടിയ നിരവധി വീടുകളില്‍ ദിനുവിന്റെ വാഹനത്തില്‍ കുടിവെള്ളമെത്തി. ഒരു പ്രതിഫലവും വാങ്ങാതെയുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം പലര്‍ക്കും ആശ്വാസമായി. ഒന്നരവയസ്സില്‍ പോളിയോ പിടിപെട്ട ദിനാസ് 60 ശതമാനം ഭിന്നശേഷിക്കാരനാണ്. പട്ടാലില്‍ നടത്തുന്ന ജ്യൂസ് കടയാണ് ജീവിതമാര്‍ഗം. ഇതില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരുപങ്ക് ചെലവഴിച്ചാണ് കുടിവെള്ള വിതരണം. പലരും ഡീസല്‍ അടിക്കാനും മറ്റും സഹായിക്കാമെന്ന് അറിയിച്ചെങ്കിലും ദിനാസ് നിരസിച്ചു. കിണറുകളില്‍ ആവശ്യത്തിന് വെള്ളമുള്ളവരുടെ സഹായം മാത്രമാണ് ആവശ്യമെന്ന് ദിനാസ് പറയുന്നു.
കിണറില്‍ യഥേഷ്ടം വെള്ളമുള്ളവര്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് വാട്സ്ആപ്പില്‍ സന്ദേശമയക്കും. വിളി വരുമ്പോള്‍ വാഹനവുമായി എത്തി വെള്ളം ശേഖരിക്കുകയാണ് ചെയ്യുന്നത്. വേനല്‍ രൂക്ഷമാകുന്നതോടെ ദിനാസ് മുഹമ്മദ് കുടിവെള്ളവുമായി ഇനിയും ലൈനിലുണ്ടാകും. നഗരസഭ പരിധിയിൽ ആവശ്യമുള്ളവര്‍ 94475 91786 നമ്പറില്‍ ബന്ധപ്പെടണം. ദിനാസിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബി. നൗഷാദ് പറഞ്ഞു.