ജയിൽപ്പുള്ളികളുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയ കേസ്: ഡി.ഐ.ജി വിനോദ് കുമാറിന് സസ്പെൻഷൻ
text_fieldsഡി.ഐ.ജി വിനോദ് കുമാർ
ൽ ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടി.പി കേസിലെ പ്രതികൾക്ക് അടക്കം ജയിലിൽ സുഖസൗകര്യമൊരുക്കിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉന്നത പദവി വഹിക്കുന്നതിനാൽ രേഖകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് മനസ്സിലാക്കിയാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ പറയുന്നു. നാലുമാസം മാത്രമാണ് ഇനി സർവിസുള്ളത്. അന്വേഷണം തീരും വരെയാണ് സസ്പെൻഷൻ.
അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുത്ത വിജിലൻസ് ഡയറക്ടർ നാലു ദിവസം മുമ്പ് സസ്പെൻഷന് ശിപാർശ ചെയ്ത് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. എന്നാൽ, സി.പി.എം ബന്ധത്തിന്റെ പേരിൽ സർക്കാർ സംരക്ഷണമൊരുക്കി. വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് നടപടി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി 1.8 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ഗൂഗിൾപേവഴി ജയിൽ ഡി.ഐ.ജിക്ക് കൈമാറിയത് കണ്ടെത്തിയിരുന്നു. നേരിട്ടുവാങ്ങുന്നതിനുപകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണം വാങ്ങിയിരുന്നത്. അണ്ണൻ സിജിത്തിന്റെ ബന്ധു ഉപയോഗിക്കുന്ന ഫോൺ നമ്പറിൽനിന്ന് വിനോദ്കുമാറിന് പണം കൈമാറി. ഭാര്യയുടെ അക്കൗണ്ടിലും ഇയാൾ കൈക്കൂലി സ്വീകരിച്ചിരുന്നു.
ലഹരിക്കേസിലടക്കം അറസ്റ്റിലായ എട്ട് തടവുകാരിൽനിന്ന് പണം കൈപ്പറ്റിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങി. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്നു പണം വാങ്ങിയെന്ന് പരാതിയുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണമുണ്ടാവും. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയുണ്ട്. ഇത് അനധികൃതമായി സമ്പാദിച്ചതാണോയെന്ന് പരിശോധിക്കുന്നുണ്ട്. വിനോദ് കുമാർ ജയിലുകളിൽ ചട്ടവിരുദ്ധമായി സന്ദർശിച്ച് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയതിൽ ദുരുഹൂതയുണ്ടെന്ന് മധ്യമേഖല ജയിൽ ഡി.ഐ.ജി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.


