ഡിജിറ്റൽ സർവകലാശാല ഓർഡിനൻസ് ബില്ലായി സഭയിലേക്ക്
text_fieldsഡിജിറ്റൽ സർവകലാശാല
തിരുവനന്തപുരം: ഗവർണർ അംഗീകാരം തടഞ്ഞ, കേരള ഡിജിറ്റൽ സർവകലാശാല വി.സി നിയമനം സർക്കാർ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിടുന്ന ഓർഡിനൻസ് ബില്ലായി തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമവകുപ്പ് കൈമാറിയതുപ്രകാരം അവതരിപ്പിക്കാനുള്ള ബില്ലുകളുടെ മുൻഗണന പട്ടികയിൽ ഇത് ഉൾപ്പെടുത്തി നിയമസഭ സെക്രട്ടറി ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് ആറിന് മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയച്ച ഓർഡിനൻസിന് അംഗീകാരം നൽകിയിരുന്നില്ല.
ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിൽ സർക്കാറിന് മേൽക്കൈ ലഭിക്കുന്ന രീതിയിൽ സെർച് കമ്മിറ്റി ഘടനയിൽ മാറ്റംവരുത്താൻ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഓർഡിനൻസ്. അഞ്ചംഗ സെർച് കമ്മിറ്റിയിൽ മൂന്നുപേരും സർക്കാർ താൽപര്യം സംരക്ഷിക്കുന്ന രീതിയിലുള്ള ഘടനയാണ് വ്യവസ്ഥചെയ്യുന്നത്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി കൺവീനറായ അഞ്ചംഗ കമ്മിറ്റിയെയാണ് നിയമഭേദഗതിയിലൂടെ നിർദേശിക്കുന്നത്. ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവരുമുണ്ടാകും.
സെർച് കമ്മിറ്റി രൂപവത്കരണ ചുമതല സർക്കാറിനായിരിക്കുമെന്നും കരട് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരായിരിക്കണമെന്നത് സംബന്ധിച്ച 2018ലെ യു.ജി.സി ചട്ടത്തിൽ പ്രത്യേക വ്യവസ്ഥയില്ല.
വി.സി നിയമനത്തിൽ രാജ്ഭവൻ വഴിയുള്ള ബി.ജെ.പി ഇടപെടൽ തുടങ്ങുംവരെ സർക്കാറായിരുന്നു സെർച് കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനമിറക്കിയിരുന്നത്. നിയമനാധികാരി എന്ന നിലയിൽ ചാൻസലർ പിടിമുറുക്കാൻ ശ്രമം തുടങ്ങിയതോടെയാണ് സർവകലാശാല നിയമത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ബില്ല് സഭ പാസാക്കിയാലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല.