കോൺഗ്രസ് ഓഫിസിലെ ഹാളിന് അച്ഛന്റെ പേരിടാനും പണം വേണോ? കെപിസിസി അധ്യക്ഷന് അയച്ച കത്ത് ചോർത്തിയത് താനല്ലെന്ന് സുബ്ബയ്യ റൈ
text_fields1. സുബ്ബയ്യ റൈ 2. ഐ. രാമറൈ എ.കെ. ആന്റണിക്കൊപ്പം
മംഗളൂരു: കാസർക്കോട് ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രഥമ ഗണനീയനായിരുന്ന ഐ. രാമറൈക്ക് നൽകേണ്ട ആദരവിന് വിലയിട്ടപ്പോഴുണ്ടായ വിഷമം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെ തികഞ്ഞ അച്ചടക്കത്തോടെ അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മകൻ ബി. സുബ്ബയ്യ റൈ ‘മാധ്യമ’ത്തോട് പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിയായ സുബ്ബയ്യ റൈ പാർട്ടി സംസ്ഥാന അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫിന് എഴുതിയ പരാതി വിവാദം ഉയർത്തുന്ന വേളയിലാണ് പ്രതികരണം.
കാസർക്കോട് വിദ്യാനഗറിൽ ജില്ല കോൺഗ്രസ് ഓഫിസ് പ്രവർത്തിക്കുന്ന ലീഡർ കെ. കരുണാകരൻ മന്ദിരത്തിൽ ഡി.സി.സി പ്രസിഡന്റും ഉദുമ എം.എൽ.എയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ നാമധേയത്തിൽ മൂന്നാംനില പണിയാനുള്ള തയാറെടുപ്പിലാണ് നേതൃത്വം.
പ്രധാന ഹാളിന് ഐ. രാമറൈയുടെയും ലൈബ്രറി ഹാളിന് മുൻ ഡി.സി.സി പ്രസിഡന്റ് പി. ഗംഗാധരൻ നായരുടേയും പേരിടുന്നതിന് പണം ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസൽ തന്നെ ഫോണിൽ വിളിച്ച് മൂന്നാംനില നിർമാണത്തിന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി സുബ്ബയ്യ റൈ കെ.പി.സി.സി പ്രസിഡന്റിനുള്ള കത്തിൽ പറഞ്ഞു.
‘കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ. കോടോത്ത് ഗോവിന്ദൻ നായർ, പി. ഗംഗാധരൻ തുടങ്ങി ആദരണീയ നിരവധി നേതാക്കൾ ദിവംഗതരായിട്ടുണ്ട്. പിതാവിന്റെ പേരിടാൻ പണം ആവശ്യപ്പെട്ട കാര്യം ആരോടെങ്കിലും പറയുകയോ കത്ത് പുറത്ത് വിടുകയോ ചെയ്തിട്ടില്ല. കത്ത് ചോർന്ന വഴിയും അറിയില്ല. കെ.പി.സി.സി സെക്രട്ടറി എന്ന നിലയിൽ ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്’ -സുബ്ബയ്യ റൈ പറഞ്ഞു.
1971ലും '77ലും രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധാനം ചെയ്ത ശേഷം 1984ൽ കാസർകോട് ലോക്സഭ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചത് ഐ. രാമറൈയിലൂടെയായിരുന്നു.
കെ.പി.സി.സി നിർവാഹക സമിതിയിലും എ.ഐ.സി.സിയിലും അംഗമായിരുന്ന രാമറൈ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട് ദീർഘകാലം കാസർകോട് ഡി.സി.സി പ്രസിഡന്റായിരുന്നു. 2010 ഡിസംബറിൽ അന്തരിച്ചു.



