ഓഫിസിനെ ചൊല്ലി തർക്കം; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു
text_fieldsവെള്ളരിക്കുണ്ട്: പരപ്പ എടത്തോട് സംഘർഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു. പാർട്ടി ഓഫിസിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനും കത്തികുത്തിലും കലാശിച്ചത്. പരപ്പ പയാളത്തെ പാലവപ്പിലെ രമേശൻ (32), രജ്ഞിത്ത് (26) എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വെകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. എടത്തോട് കോൺഗ്രസ് പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട് സമീപവാസിയായ മാധവൻ എന്ന വ്യക്തിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വക്കേറ്റവും സംഘർഷവും നടക്കുന്നതിനിടയിൽ മാധവൻ കൈയ്യിലുണ്ടായിരുന്ന കത്തി എടുത്ത് രണ്ടു പേരെയും കുത്തുകയായിരുന്നു.
രണ്ടു പേരുടെയും വയറിനാണ് കുത്തേറ്റത്. കുത്തേറ്റവരെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളെജിലേക്കും മാറ്റി. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പാർട്ടി ഓഫിസുമായി ബന്ധപ്പെട്ടു മാധവൻ പല തവണ കോൺഗ്രസ് പ്രവർത്തകരുമായി വക്കേറ്റത്തിൽ എർപ്പെട്ടതായി പറയുന്നു. സംഭവ ദിവസം രാവിലെ മാധവൻ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിരുന്നു. ഈ പൂട്ട് പാർട്ടി പ്രവർത്തകർ തകർത്തിരുന്നു. ഇതിെൻറ തുടർച്ചയാണ് വൈകുന്നേരത്തെ സംഭവം.