ദിവ്യ എസ്. അയ്യരുടെ പോസ്റ്റ്: അശ്ലീല കമന്റിട്ട ദളിത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
text_fieldsകൊച്ചി: ദിവ്യ എസ്. അയ്യരുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ. പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരനും പ്രതികരിച്ചിരുന്നു.
സി.പി.എം നേതാവ് കെ.കെ. രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ ദിവ്യ എസ്.അയ്യർ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്ത് "ദിവ്യക്ക് ഔചിത്യബോധമില്ല" എന്നായിരുന്നു വി.എം. സുധീരന്റെ ഫേസ്ബുക്ക് കമന്റ്. അതിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടി.കെ. പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.
കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ടി.കെ. പ്രഭാകരന്റെ പരാമർശമെന്ന് ബോധ്യപ്പെട്ടതിനാലാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ് ചെയ്യുന്നതെന്ന് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. സെക്രട്ടറി കെ.കെ. രാഗേഷ് കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ്. അയ്യർ നടത്തിയ അഭിനന്ദന പോസ്റ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്.
രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ഭർത്താവ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ പറഞ്ഞിരുന്നു.