സാധാരണക്കാർക്ക് ട്രെയിൻ യാത്ര വേണ്ടേ?
text_fieldsതിരുവനന്തപുരം: ലാഭത്തിൽ കണ്ണുവെച്ച് സ്ലീപ്പർ കോച്ചുകൾ റെയിൽവേ വ്യാപകമായി വെട്ടിയതോടെ 77 ശതമാനമുണ്ടായിരുന്ന സ്ലീപ്പർ കോച്ചുകളുടെ എണ്ണം 54 ആയി കുത്തനെ കുറഞ്ഞു. എന്നാൽ എ.സി കോച്ചുകൾ 23 ശതമാനത്തിൽനിന്ന് ഇക്കാലയളവിൽ 46 ആയി ഉയരുകയും ചെയ്തു.
കുറഞ്ഞ നിരക്കിലെ കോച്ചുകൾ വെട്ടിച്ചുരുക്കി പകരം എ.സി കോച്ചുകൾ ഏർപ്പെടുത്തുന്നതിനെതിരെ ഏറെക്കാലമായി പ്രതിഷേധമുണ്ടെങ്കിലും മുഖവിലക്കെടുക്കാതെയാണ് റെയിൽവേയുടെ മുന്നോട്ടുപോക്ക്. സാധാരണക്കാർക്ക് ആശ്രയമായിരുന്നു ജൻസാധരൺ ട്രെയിനുകൾ കോവിഡിന് ശേഷം നിർത്തലാക്കിയത് കൂടി ചേർത്തുവായിക്കുമ്പോഴാണ് യാത്രാചെലവിൽ സാധരണക്കാർ നേരിടുന്ന പ്രതിസന്ധി വ്യക്തമാവുക. അതേസമയം സ്ലീപ്പർ കോച്ചുകളിലെ നഷ്ടക്കണക്കുകൾ നിരത്തിയാണ് റെയിൽവേയുടെ പ്രതിരോധം.
പണം കൊയ്യാൻ എ.സി
- 2024-25 സാമ്പത്തിക വർഷം യാത്രക്കാരിൽനിന്ന് ആകെ കിട്ടിയ വരുമാനമായ 80000 കോടി രൂപയിൽ 38 ശതമാനം (30089 കോടി) എ.സി കോച്ചുകളിൽ നിന്നാണ്.
- 2019-20 വർഷം 1.4 ശതമാനമായിരുന്ന ‘എ.സി വിഹിത’മാണ് ഒറ്റയടിക്ക് 19.5 ആയത്. മിതമായ നിരക്കിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകും.
- മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ഓടുന്ന എല്ലാ ട്രെയിനുകളിലും സ്ലീപ്പർ കോച്ചുകൾ എ.സിയായി ഉയർത്താൻ 2020ലാണ് റെയിൽവേ ബോർഡ് തീരുമാനിച്ചത്. 2023 നവംബർ മുതൽ ഇത് നടപ്പാക്കിത്തുടങ്ങിയത്.
എ.സിക്ക് വേണ്ടി ജനറൽ കോച്ചുകളും വെട്ടുന്നു
- ദക്ഷിണ റെയിൽവേ 26 ട്രെയിനുകളിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചാണ് പകരം എ.സി കോച്ചുകൾ ഏർപ്പെടുത്തിയത്.
- ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നീ അഞ്ച് എക്സ്പ്രസ് ട്രെയിനുകളിലെ നാലുവീതമുണ്ടായിരുന്ന ജനറൽ കമ്പാർട്ടുമെന്റുകൾ രണ്ടെണ്ണമായി ചുരുങ്ങി.
- 90 പേർക്ക് സഞ്ചരിക്കാവുന്ന ജനറൽ കോച്ചിൽ 180 പേർക്ക് വരെ യാത്ര ചെയ്യാൻ കഴിയും. എന്നാൽ 350 ടിക്കറ്റുകൾ വരെ ഇപ്പോൾ നൽകുന്നുണ്ട്.