Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ അവയവ മാഫിയയുടെ...

തൃശൂർ അവയവ മാഫിയയുടെ കേന്ദ്രമാകുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ: ‘സ്ത്രീകളെ ലക്ഷ്യമിട്ട് വൻ ചൂഷണം, ഭീതിജനകം; നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ല’

text_fields
bookmark_border
തൃശൂർ അവയവ മാഫിയയുടെ കേന്ദ്രമാകുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ: ‘സ്ത്രീകളെ ലക്ഷ്യമിട്ട് വൻ ചൂഷണം, ഭീതിജനകം; നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ല’
cancel
camera_alt

ഡോ. ഹിതേഷ് ശങ്കർ

തൃശൂർ: കേരളത്തിൽ അവയവ കച്ചവടം വൻ തോതിൽ വ്യാപിക്കുന്നുവെന്ന ഗൗരവമേറിയ വെളിപ്പെടുത്തലുമായി തൃശൂർ മെഡിക്കല കോളജ് ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൃശ്ശൂർ ഈ അനധികൃത വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ ദാതാക്കളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഏറ്റവും ഭീതിജനകമായ പ്രവണത. ഇതിന് പിന്നിൽ സംഘടിതമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

തൃശ്ശൂരിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചേർത്തല, കൊല്ലം എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ലക്ഷ്യമിട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് പ്രധാനമായും ഈ മാഫിയ ലക്ഷ്യമിടുന്നത്. ജില്ലാതല അംഗീകാര സമിതികൾ തള്ളിക്കളയുന്ന കേസുകൾ പോലും ഹൈകോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന പ്രവണത വർധിച്ചു വരികയാണ്. കൂടാതെ, അവയവദാനത്തിന് അനുമതി നൽകാനായി സമിതി അംഗങ്ങൾക്ക് മേൽ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദം ചെലുത്തുന്ന ഫോൺ വിളികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഭീതിജനകമായ പ്രവണത സ്ത്രീ ദാതാക്കളുടെ എണ്ണത്തിലുണ്ടായ വർധനവാണ്. ഒരു ദിവസം പരിഗണിച്ച 8 കേസുകളിൽ 7 എണ്ണത്തിലും സ്ത്രീകളായിരുന്നു ദാതാക്കൾ. ഭർത്താവിന്റെ പരിചയത്തിന്റെ പേരിൽ, രോഗിയെ നേരിട്ട് അറിയാത്ത സാഹചര്യങ്ങളിൽ പോലും 'ആത്മാർത്ഥ ദാനം' എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുകയാണ്. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്ത് സ്ത്രീകൾക്ക് മേൽ സമ്മർദ്ദം ചെലുത്തി ഇതിന് പിന്നിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി സംശയിക്കുന്നു.

ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ കർശന നടപടി വേണമെന്ന് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെട്ടു. അവയവ വാണിജ്യം കർശന നിയന്ത്രണങ്ങളോടെ നിയമപരമാക്കുകയോ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കി ഇത്തരം ചൂഷണ ശൃംഖലകളെ തകർക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിർദേശിക്കുന്നു.

ആരോഗ്യരംഗത്തിനും സമൂഹത്തിനും ഒരുപോലെ ഭീഷണിയായ ഈ അവസ്ഥയിൽ നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും സുരക്ഷയും നൈതികതയും ഉറപ്പാക്കണമെന്നും ഡോ. ഹിതേഷ് വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയരേ, ത്രിശ്ശൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവയവ കച്ചവടത്തിന്റെ ഒരു കേന്ദ്രമായി മാറുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് കൈപ്പമംഗലം, കൊടുങ്ങല്ലൂർ (ത്രിശ്ശൂർ), ചേർത്തല (ആലപ്പുഴ), കൊല്ലം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്.

ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. അതിലും ഗുരുതരമായി, ചില സാഹചര്യങ്ങളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ജില്ലാ സമിതിക്ക് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും പരിഗണിക്കേണ്ടിവരുന്നു. ഇതിൽ കൂടുതൽ ആശങ്കാജനകമായ മറ്റൊരു വസ്തുത ചില സമിതി അംഗങ്ങൾക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി “അനുമതി നൽകണം” എന്ന സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകൾ ലഭിക്കുന്നുവെന്നാണ് വിവരം. ഇത് നിർണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സംഘടിത ഇടപെടലുകളുടെ സൂചനയാണ്.

ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഭീതിജനകമായ ഒരു പ്രവണത സ്ത്രീ ദാതാക്കളുടെ വർധനവാണ്. ഇന്ന് പരിഗണിച്ച 8 കേസുകളിൽ 7 പേരും സ്ത്രീകളായിരുന്നു. ഇവരിൽ പലർക്കും സ്വീകരിക്കുന്ന രോഗിയെ നേരിട്ട് അറിയില്ല. ഭർത്താവിന്റെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. “ആത്മാർത്ഥ ദാനം” എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതിന് പിന്നിൽ വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ശക്തമായ സംശയങ്ങൾ ഉണ്ട്.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ദാരിദ്ര്യവും അറിവില്ലായ്മയും ദുരുപയോഗം ചെയ്യുന്നതാണ്പ്രത്യേകിച്ച് സ്ത്രീകളെ ഇത്തരം ശൃംഖലകളിൽ കുടുക്കുന്നത് അതീവ ഗൗരവമുള്ള സാമൂഹിക പ്രശ്നമാണ്.അതിനാൽ രണ്ടിൽ ഒന്ന് സംഭവിക്കണം:

1. അവയവ വാണിജ്യം നിയമപരമായി തുറന്നുവിടുക (അത് ചെയ്യുമ്പോൾ കർശന നിയന്ത്രണങ്ങളോടെ),

അല്ലെങ്കിൽ

2. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കി ഇത്തരം ചൂഷണ ശൃംഖലകളെ തകർക്കുക.

നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ല.ഇത് ആരോഗ്യരംഗത്തിനും സമൂഹത്തിനും ഒരുപോലെ അപകടകരമാണ്.

#StopOrganTrade #ProtectTheVulnerable # medical ethics

ഡോക്ടർ ഹിതേഷ് ശങ്കർ

Show Full Article
TAGS:organ mafia organ donation ORGAN 
News Summary - Doctor reveals that Thrissur is becoming a hub for organ mafia: 'Massive exploitation targeting women, horrifying’
Next Story