ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി, ശ്വാസനാളത്തിലേക്ക് സ്ട്രോ കടത്തി; റോഡരികിൽ ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ തിരികെ പിടിച്ച് ഡോക്ടർമാർ
text_fieldsകൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് റോഡരികിൽ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് നാടിന്‍റെ പ്രശംസ ഏറ്റുവാങ്ങുന്നത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എറണാകുളം ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ലിനീഷിന്‍റെ ജീവനാണ് ഡോക്ടർമാർ നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെ രക്ഷിച്ചത്.
അപകടത്തിൽപെട്ട യുവാവിന്റെ രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ സമയം ഇല്ലാത്തതിനാൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ശ്വാസനാളം തുറക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ചുറ്റും കൂടിനിന്നവരോട് റേസർ ബ്ലേഡും സ്‌ട്രോയും ഡോക്ടർമാർ ആവശ്യപ്പെട്ടു. ആദ്യം പേപ്പർ സ്ട്രോയായിരുന്നു കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക് സ്ട്രോ ലഭിച്ചു.
ആരും ഫോട്ടോയോ വീഡിയോ എടുക്കരുതെന്ന് ഡോക്ടർമാർ കൂടി നിന്നവരോട് പറഞ്ഞു. മൊബൈൽ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി പിടിക്കാൻ പറഞ്ഞു. ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ശീതള പാനീയത്തിന്‍റെ സ്ട്രോ കടത്തി ശ്വാസഗതി ശരിയാക്കി. ആശുപത്രി എമർജൻസി റൂമിൽ ചെയ്യുന്ന 'സർജിക്കൽ ക്രിക്കോതൈറോട്ടോമി' ചികിത്സയാണ് ചെയ്തത്. പിന്നീട് യുവാവിനെ വൈറ്റില വെൽകെയർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.


