കടിച്ചുകീറി നായ്ക്കൾ, മൂന്ന് മാസത്തിനിടെ കടിയേറ്റത് 1.69 ലക്ഷം പേർക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മൂന്നുമാസത്തിനിടെ തെരുവുനായ്ക്കളിൽനിന്ന് അടക്കം കടിയേറ്റത് 1.69 ലക്ഷത്തോളം പേർക്ക്. ജനുവരി മുതൽ മാർച്ച് വരെയുളള കണക്കാണിത്. മേയ് 10 വരെ നോക്കിയാൽ രണ്ട് ലക്ഷം കടക്കും. 14 മരണവും സംഭവിച്ചു. കഴിഞ്ഞവർഷം 12 മാസത്തിനിടെ 3.16 ലക്ഷം പേർക്ക് കടിയേറ്റിരുന്നു. പ്രതിദിനം ശരാശരി 1300ലധികം പേർക്ക് കടിയേൽക്കുന്നുവെന്നാണ് കണക്ക്.
2017ൽ തെരുവുനായ് ആക്രമണത്തിനിരയായത് 1.35 ലക്ഷം പേരായിരുന്നു. വന്ധ്യംകരണവും വാക്സിനേഷനും നിലച്ചതോടെ നിരത്തുകൾ വീണ്ടും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി. തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് തെരുവുനായ് വന്ധ്യംകരണവും പേവിഷ വാക്സിനേഷനും നടത്തുന്നത്. വാക്സിൻ സ്റ്റോക്കുണ്ട്. പക്ഷേ, നായ്ക്കളെ പിടിച്ച് വന്ധ്യംകരണത്തിന് എ.ബി.സി സെന്ററുകളിൽ എത്തിക്കുന്നത് പാളി.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, സ്കൂൾ, ആശുപത്രി വളപ്പുകൾ എന്നിവിടങ്ങളിൽ നിന്നുപോലും തെരുവുനായ്ക്കളെ അകറ്റാൻ നടപടിയില്ല. ഗ്രാമീണ റോഡുകളിൽ നായ്ക്കൂട്ടം എപ്പോഴും ആക്രമിക്കാവുന്ന അവസ്ഥ. ഇരുചക്ര വാഹനയാത്രക്കാർക്ക് കുറുകേ ചാടി വീഴ്ത്തും. ഇറച്ചി മാലിന്യമുൾപ്പെടെ റോഡിൽ തള്ളുന്നതിനാൽ നായ്ക്കൾ അവിടെത്തന്നെ തമ്പടിക്കുന്നു. ഒറ്റക്ക് നടന്നുപോകുന്നവരെ എപ്പോൾ വേണമെങ്കിലും ആക്രമിക്കാം.
തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാൻ 400 ഡോഗ് കാച്ചർമാർക്ക് കൂടി പുതുതായി പരിശീലനം നൽകുമെന്നും വാക്സിനേഷൻ നടത്തിയ തെരുവുനായ്ക്കളിൽ പെയിന്റ് ഉപയോഗിച്ച് അടയാളമിടുമെന്നും മൃഗസംരക്ഷണ വകുപ്പ് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെയാണ് വാക്സിൻ എടുത്തിട്ടും പേവിഷബാധ സംഭവിച്ച് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. നാല് മാസത്തിനിടെ മൂന്ന് കുട്ടികളാണ് ഈ രീതിയിൽ മരിച്ചത്.