എസ്.ഐ.ആർ എങ്ങിനെ? സംശയവും ആശങ്കയുമേറെ
text_fieldsതിരുവനന്തപുരം: ബിഹാറിന് പിന്നാലെ കേരളത്തിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലേക്ക് (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമീഷൻ കടക്കവെ പ്രവാസി വോട്ടർമാരുടെ കാര്യത്തിലടക്കം ആശങ്ക. ബിഹാറിൽനിന്ന് ജോലി തേടി ഇതരസംസ്ഥാനങ്ങളിലേക്ക് പോയവരടക്കം വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
എന്നാൽ, പ്രവാസികൾ ഏറെയുള്ള കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ എന്ത് നിലപാടാണ് ഉണ്ടാവുക എന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. പട്ടിക പരിഷ്കരിക്കുമ്പോൾ പ്രവാസി വോട്ടർമാർക്ക് ഓൺലൈനായി രേഖകൾ നൽകാൻ അവസരം ഉണ്ടാകുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചത്. അതേസമയം, ബി.എൽ.ഒമാർ വീട്ടിലെത്തി രേഖകൾ ആവശ്യപ്പെടുമ്പോൾ പ്രവാസികളുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിലടക്കം അവ്യക്തത നിലനിൽക്കുന്നു.
തീവ്രവോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം 20ന് തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ചിട്ടുണ്ട്. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്.ഐ.ആർ നടപടികൾ രാഷ്ട്രീയപാർട്ടികൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
ഈ വിഷയത്തിലെ നിർദേശങ്ങളും സംശയങ്ങളും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഉന്നയിക്കപ്പെടും. പ്രവാസി വോട്ടർമാരുടെ പുതുക്കലടക്കമുള്ളവ യോഗത്തിൽ ചർച്ചയാവുമെന്നാണ് സൂചന. 2002ലെ പട്ടികയിൽ പേരുണ്ടായിരുന്നവർക്ക് എസ്.ഐ.ആർ പുതുക്കലിൽ രേഖകൾ ഹാജരാക്കേണ്ടി വരില്ലെങ്കിലും അതിന് ശേഷം വോട്ടർപട്ടികയിൽ ഇടംനേടിയവർ രേഖ ഹാജരാക്കേണ്ടതുണ്ട്. അധാർ ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിൽ വോട്ടർമാർക്കില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കുന്നത്.