അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി ഡോ. അസ്ന വിവാഹിതയായി
text_fieldsഡോ. അസ്നയും ഭർത്താവ് നിഖിലും
ചെറുവാഞ്ചേരി: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി ഡോ. അസ്ന വിവാഹിതയായി. ഷാർജയിൽ എൻജിനീയറായ ആലക്കോട് അരങ്ങംവാഴയിൽ നിഖിൽ ആണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടുമുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഡോക്ടർമാർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, കെ.കെ. ശൈലജ എം.എൽ.എ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, വി.എ. നാരായണൻ, വി. സുരേന്ദ്രൻ, സജീവ് മാറോളി, ടി.ഒ. മോഹനൻ എന്നിവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
2000 സെപ്റ്റംബര്‍ 27ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന വീടിന് തൊട്ടടുത്ത ബൂത്തായ പൂവത്തൂര്‍ ന്യൂ എൽ.പി സ്കൂളിന് സമീപമുണ്ടായ ബോംബ് അക്രമത്തിനിടെയാണ് ആറു വയസുകാരി അസ്നക്ക് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നയുടെ ശരീരത്തിലാണ് ബോംബുകളിൽ ഒന്ന് പതിച്ചത്. വലതുകാലിന് ഗുരുതര പരിക്കേൽക്കുകയും മുട്ടിന് താഴെവച്ച കാൽ മുറിച്ചു മാറ്റുകയുമായിരുന്നു. ബോംബ് ആക്രമണത്തിൽ മാതാവ് ശാന്തക്കും സഹോദരനും പരിക്കേറ്റിരുന്നു.
ബോംബ് ആക്രമണത്തെ തുടർന്ന് കൃത്രിമ കാൽ വച്ച അസ്ന
എന്നാൽ, വിധിയെന്ന് സഹതപിച്ചവരെ വെല്ലുവിളിച്ച പോരാട്ടമായിരുന്നു അസ്നക്ക് തുടർന്നുള്ള ജീവിതം. കൃത്രിമക്കാൽ ഘടിപ്പിച്ചായിരുന്നു പിന്നീടുള്ള ഓരോ കാൽവെപ്പും. എസ്.എസ്.എൽ.സിയും പ്ലസ് ടുവും മികച്ചനിലയിൽ വിജയിച്ച മിടുക്കിയായ അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി സേവനം ചെയ്തിരുന്ന അസ്ന, നിലവിൽ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറാണ്.
അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് കുടുംബത്തിന് വീട് നിർമിച്ചു നൽകി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരം അസ്നക്ക് ഉപയോഗിക്കാൻ ലിഫ്റ്റ് ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക സൗകര്യവും ഏർപ്പാടാക്കി.
അസ്ന മാതാപിതാക്കൾക്കൊപ്പം
നാട് തനിക്ക് നൽകിയ നന്മകളൊക്കെയും തന്‍റെ ജീവിതം കൊണ്ട് തിരിച്ചു നൽകുമെന്നാണ് അസ്ന പറഞ്ഞിരുന്നത്. ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറക്കാലം ആശുപത്രിയിൽ കഴിയേണ്ടിവന്ന കാലത്ത് മനസിൽ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുകയെന്നതെന്നും അസ്ന പറഞ്ഞിരുന്നു.
ഡോ. അസ്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ
ബോംബേറ് കേസിലെ 14 ബി.ജെ.പി പ്രതികളും ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ അന്ന് ബി.ജെ.പി നേതാവായിരുന്ന എ. അശോകൻ ഒ.കെ. വാസുവിനൊപ്പം സി.പി.എമ്മിലെത്തുകയും പിന്നീട് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാവുകയും ചെയ്തു.