Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇങ്ങനെ പോയാൽ...

ഇങ്ങനെ പോയാൽ കമ്യൂണിസ്റ്റ് പാർട്ടികൾ നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് ഡോ. ആസാദ്

text_fields
bookmark_border
ഇങ്ങനെ പോയാൽ കമ്യൂണിസ്റ്റ് പാർട്ടികൾ നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് ഡോ. ആസാദ്
cancel

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനത്തിൽ ആശങ്ക പങ്കുവെച്ച് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ആസാദ്. ഫേസ് ബുക്ക് പേജിലെ​ഴുതിയ കുറിപ്പിലൂടെയാണ് തന്റെ ചിന്തകൾ ആസാദ് പങ്കു​വെച്ചത്. ഇങ്ങനെ പോയാൽ കമ്യൂണിസ്റ്റ് പാർട്ടികൾ നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് ആസാദ് എഴുതുന്നു.

കുറിപ്പ് പൂർണരൂപത്തിൽ :

കമ്യൂണിസ്റ്റു പാർട്ടികളിൽ അംഗത്വമെടുക്കാൻ പ്രയാസമില്ല. എന്നാൽ കമ്യൂണിസ്റ്റ് മൂല്യങ്ങളിലേക്ക് മുന്നേറുക അത്ര എളുപ്പമല്ല. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന്റെ ആശയധാരയിൽ ചേർന്നു നിൽക്കാനും അതിന്റെ പ്രായോഗികപാഠങ്ങൾ ശീലമാക്കാനും ഏറെ ബുദ്ധിമുട്ടുണ്ട്. എങ്കിലും അതിനുള്ള നിരന്തരശ്രമമില്ലെങ്കിൽ ഒരാളും കമ്യൂണിസ്റ്റുകാരനാവില്ല.

പാർട്ടികളിൽ അംഗമാകാനും രാഷ്ട്രീയ പോരാട്ടങ്ങളിൽ പങ്കാളികളാകാനും വ്യവസ്ഥയോടു കലഹമുള്ള ഏതൊരാൾക്കും സാധിക്കും. കമ്യൂണിസ്റ്റ് പാർട്ടികൾ ഏത് വിശ്വാസികളെയും ഉൾക്കൊള്ളാൻ പ്രാപ്തമാണ്. എന്നാൽ പാർട്ടിയിലെ നിരന്തര പഠനവും പ്രവർത്തനവും ഒരാളെ കമ്യൂണിസ്റ്റ് മൂല്യങ്ങളിലേക്കും കമ്യൂണിസ്റ്റ് ജീവിതത്തിലേക്കും എത്തിക്കും. ആശയവാദികളെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ തത്വങ്ങളോടടുപ്പിക്കും. വർഗവത്കരണത്തിന് വിധേയപ്പെടലാണ് ആ പ്രക്രിയയെന്ന് മാർക്സിസ്റ്റുകാർ കരുതുന്നു.

ഇത്രയും പറഞ്ഞത് ഇങ്ങനെയൊരു പരിവർത്തനം തീരെ കാണാതായി എന്ന് പറയാനാണ്. തിരിച്ചുള്ള മാറ്റങ്ങൾക്ക് ഗതിവേഗമേറി എന്ന് സൂചിപ്പിക്കാനാണ്. കമ്യൂണിസ്റ്റ് കൊടി ഉയർത്തി മുന്നിൽ നടക്കാൻ തനിക്കുള്ള യോഗ്യതയെക്കുറിച്ച് മുമ്പ് ഇ എം എസ് സംശയിച്ചിരുന്നു. ആ പ്രയാസത്തെ അതിജീവിക്കാൻ താൻ തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രനാണെന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നു. ഇന്ന് കാര്യങ്ങൾ മാറി. തൊഴിലാളിവർഗത്തിൽ പിറന്ന് നേതൃത്വത്തിൽ എത്തിയവർ അതിവേഗം മുതലാളിവർഗത്തിന്റെ ദത്തുപുത്രന്മാരായി മാറി.

ഈ പുതിയ ദത്തുപുത്രന്മാർ വർഗവത്ക്കരണത്തിന്റെ പുതിയ പാഠങ്ങളാണ് സ്വന്തം വർഗത്തെ പഠിപ്പിക്കുന്നത്. കാറൽമാർക്സിനെ അവർ തലതിരിച്ചു നിർത്തും. ആ പേരുകൊണ്ട് മുതലാളിത്ത വർഗജീവിതത്തിന് ന്യായീകരണം ചമയ്ക്കും. ജാതി മത ദൈവവിശ്വാസങ്ങളെ അഥവാ തികഞ്ഞ ആശയവാദത്തെ തലയിലേറ്റി കാലാനുസൃതമായ മാറ്റമെന്ന് നടിക്കും. വർഗസമരത്തെയും സോഷ്യലിസ്റ്റ് / കമ്യൂണിസ്റ്റ് വിപ്ലവത്തെയും സംബന്ധിച്ച ഒരാലോചനക്കും പഴുതില്ലാത്തവിധം പാർട്ടിയെ ആശയവാദികളുടെ കോട്ടയാക്കും.

ലോക്കൽകമ്മറ്റി അംഗമായിരുന്ന ഒരു സുഹൃത്ത് ഇന്നലെ പറഞ്ഞത് അയാൾ വീട്ടു പറമ്പിലെ പഴയ ഒരു മൂർത്തിയെ പുനപ്രതിഷ്ഠ നടത്തി ക്ഷേത്രമാക്കി പൂജകളാരംഭിച്ചു എന്നാണ്. ആളുകൾ ആവഴിയേ വന്നു തുടങ്ങി എന്നാണ്. ഇത് ഹിന്ദുത്വ ശക്തികൾക്കല്ലേ ഗുണം ചെയ്യുക എന്ന ചോദ്യത്തിന് നാം എന്തിനാണ് അവരെ മാത്രം അകറ്റി നിർത്തുന്നത് എന്നാണ് മറു ചോദ്യം. ഞാനിവിടെ അതിന്റെ ശരിതെറ്റുകളെക്കുറിച്ചല്ല ഇപ്പോൾ പറയുന്നത്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന് കേരളത്തിൽ എത്രകാലം ജീവിക്കാൻ കഴിഞ്ഞു എന്നതിനെപ്പറ്റിയാണ്. കമ്യൂണിസ്റ്റ് അപ്പയെപ്പോലെ പരന്ന് പിടിച്ച് അതേമട്ട് അപ്രത്യക്ഷമാവാനുള്ള യത്നമാണ് നടക്കുന്നത്.

എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിക്കുമ്പോൾ, അടിസ്ഥാന ആശയത്തിൽനിന്നും ആവേശിച്ച ആദർശത്തിൽനിന്നും പാടേവിട്ട് മോഹലോകം തേടിപ്പോകുന്ന പാർട്ടികൾക്ക് ഒരു ജനതയെ വ്യവസ്ഥയുടെ അടിമകളാക്കിമാറ്റാൻ എളുപ്പമാണെന്ന് കാണാം. അതാണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്. കയ്യടിക്കാൻ വ്യവസ്ഥാനുകൂലികളും യാഥാസ്ഥിതികരുമായ സുഖാന്വേഷികൾ ധാരാളം കാണും. ഇങ്ങനെ പോയാൽ കമ്യൂണിസ്റ്റ് പാർട്ടികൾ നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽനിന്ന് അവരുടെതന്നെ അശ്രദ്ധകൊണ്ടും നയവ്യതിയാനംകൊണ്ടും അപ്രത്യക്ഷമാകും. അതിൽ ഖേദിക്കുന്ന ഒരാളുടെ ആധിയും വിറയുമാണ് ഈ കുറിപ്പ്.

ആസാദ് 22 ഏപ്രിൽ 2026

Show Full Article
TAGS:Dr Azad CPM CPI Communist 
News Summary - Dr. Azad on Communist Parties
Next Story