39 വർഷത്തെ സേവനം, 3600 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ; ജീവനൊടുക്കിയത് നൂറുകണക്കിന് ജീവൻ രക്ഷിച്ചയാൾ
text_fieldsഡോ. ജോർജ് പി. എബ്രഹാം
കൊച്ചി: 39 വർഷത്തെ സേവനം, 3600 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, ഇതിലുമെത്രയോ പേർക്ക് രോഗശാന്തി... തന്റെ ഫാം ഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തിയ പ്രശസ്ത വൃക്കരോഗ ചികിത്സാ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിന്റെ ജീവിതംതന്നെ രോഗികൾക്കായി മാറ്റിവെച്ചതായിരുന്നു. വി.പി.എസ് ലേക്ഷോർ ആശുപത്രി യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് തലവനും സീനിയർ കൺസൾട്ടന്റുമായിരിക്കെയാണ് അദ്ദേഹം സ്വയം ഈ ലോകത്തിൽനിന്ന് ഇല്ലാതാവുന്നത്.
ഇത്രയധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയ ഇന്ത്യയിലെതന്നെ ചുരുക്കം വൃക്കരോഗ വിദഗ്ധരിൽ ഒരാളായിരുന്നു ഡോ. ജോർജ്. തനിക്കിനിയും പഴയതുപോലെ ഈ രംഗത്ത് മികവു തെളിയിക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സങ്കീർണമായ മൂത്രാശയ സംബന്ധമായ രോഗങ്ങൾപോലും ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കുന്നതിൽ മിടുക്കനായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ ഓർമിക്കുന്നു. പ്രഫഷനൽ രംഗത്തെ മികവ് മാത്രമല്ല, രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും സ്നേഹാർദ്രമായ ഇടപെടലും ഇദ്ദേഹത്തെ ജനകീയനാക്കി. ജീവനുള്ള ദാതാവിൽനിന്ന് ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവെച്ച ലോകത്തെ മൂന്നാമത്തെ ഡോക്ടറാണ് ഇദ്ദേഹം.
സംസ്ഥാനത്തെ ആദ്യ കഡാവർ ട്രാൻസ് പ്ലാൻറും വൃക്കയിലെ കല്ലുകൾ നീക്കാനുള്ള മിനിമലി ഇൻവേസിവ് ശസ്ത്രക്രിയയായ പി.സി.എൻ.എല്ലും ലാപ് ഡോണർ നെഫ്രെക്ടമി ത്രിഡി ലാപറോസ്കോപിയും ചെയ്തത് ഡോ. ജോർജ് ആയിരുന്നു. കേരളത്തിലെ എൻഡോ യൂറോളജിക്കൽ പ്രക്രിയകളിലെ അഗ്രഗാമിയായിരുന്ന ഇദ്ദേഹം 15,000ത്തോളം ഇത്തരം ശസ്ത്രക്രിയ നിർവഹിച്ചു. പതിനായിരത്തിനടുത്ത് ലാപറോസ്കോപിക് യൂറോളജിക്കൽ ശസ്ത്രക്രിയക്കും നേതൃത്വം നൽകി. ചികിത്സാരംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി.
ഭാരത് ചികിത്സക് രത്തൻ അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, യൂറോളജി രംഗത്തെ മികവിന് ലൈഫ്ടൈം ഹെൽത്ത് അച്ചീവ്മെൻറ് അവാർഡ് തുടങ്ങിയവ ഇതിൽ ചിലതാണ്. ചികിത്സാ തിരക്കുകൾക്കിടെ അധ്യാപനത്തിനും സമയം കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യമായി ത്രീഡി ലാപറോസ്കോപിക് യൂറോളജി ശിൽപശാലയും സംഘടിപ്പിച്ചു. ജോലിക്കിടയിലെ സമ്മർദം ഒഴിവാക്കാനാണ് അദ്ദേഹം നെടുമ്പാശ്ശേരിക്കടുത്ത ഫാം ഹൗസിലേക്ക് ഇടക്ക് പോയിക്കൊണ്ടിരുന്നത്. എപ്പോഴും പ്രസരിപ്പോടെ, കർമനിരതനായ ഡോക്ടർ ജീവനൊടുക്കിയത് വിശ്വസിക്കാനാവാത്തതിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും രോഗികളുമെല്ലാം.