Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇനി ഒരാളും ഇങ്ങനെ...

‘ഇനി ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ.. മർദനം, ക്രൂരത, അവഗണന, അവസാനം മരണം..’ -കൊല്ല​​പ്പെട്ട ഓട്ടിസം ബാധിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ

text_fields
bookmark_border
‘ഇനി ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ.. മർദനം, ക്രൂരത, അവഗണന, അവസാനം മരണം..’ -കൊല്ല​​പ്പെട്ട ഓട്ടിസം ബാധിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ
cancel
camera_alt

അറസ്റ്റിലായ മഹേഷ്, അനുഗ്രഹ സ്പെഷൽ സ്കൂൾ

തൃശൂർ: ഇനിയും ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെയെന്നും അനാസ്ഥയെ ചോദ്യം ചെയ്യണമെന്നും ശബ്ദമുയർത്തണമെന്നും ​കൊടുങ്ങല്ലൂരിൽ കൊല്ല​പ്പെട്ട ഓട്ടിസം ബാധിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ. കൊടുങ്ങല്ലൂർ വടക്കേ നട അനുഗ്രഹ സ്പെഷൽ സ്കൂളിലെ ഓട്ടിസം ബാധിച്ച അന്തേവാസി പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി ചള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീനാഥ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഥാപനത്തിലെ കെയർടേക്കറായ തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷിനെ (24) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്. ഒരു മനുഷ്യന്റെ ജീവൻ ഇത്ര വിലകുറഞ്ഞതാണോ എന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. ‘സ്വന്തം മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ച ഓട്ടിസം ബാധിച്ച വ്യക്തിക്ക് അവിടെ ലഭിച്ചത് സംരക്ഷണമല്ല… മർദനം. ക്രൂരത. അവഗണന. മനുഷ്യത്വത്തിന്റെ പൂർണ പരാജയം. ശരീരത്തിൽ ആകമാനം മർദനത്തിന്റെ തെളിവുകൾ …അവസാനം - മരണം. ഇത് ഒരു അപകടമല്ല. ഇത് ഒരു സംരക്ഷണത്തിന്റെ പേരിൽ നടന്ന ക്രൂരമായ കൊലപാതകം ആണ്. ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരം പോലും ഇല്ല. ഭിന്നശേഷിക്കാരെ പ്രവേശിപ്പിക്കാൻ ആവശ്യമായ നിയമങ്ങൾ പാലിച്ചിട്ടില്ല, സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചത്. നിയന്ത്രിക്കേണ്ടവർ മിണ്ടാതിരിക്കുന്നു… അല്ലെങ്കിൽ കാണാത്തതായി നടിക്കുന്നു. ഇവരെ കണ്ണുതുറപ്പിക്കാൻ സമൂഹം ഒന്നായി മുന്നോട്ടു വരണം’ -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയരേ,

ഒരു മനുഷ്യന്റെ ജീവൻ ഇത്ര വിലകുറഞ്ഞതാണോ?

പാലക്കാട് നമ്മൾ കണ്ടത് ഒരു മോബ് കൊലപാതകം, ചാവക്കാട് പ്രസവ ചികിത്സ നൽകാതെ ഒരു അമ്മയെ ഭർത്താവു തന്നെ കൊലക്കു കൊടുത്തു. ഇപ്പോൾ കൊടുങ്ങല്ലൂരിൽ ഒരു ഭിന്നശേഷിക്കാരനായ ഓട്ടിസം വ്യക്തിയുടെ കസ്റ്റോഡിയൽ മരണം. ഇതാണോ നമ്മൾ അഭിമാനത്തോടെ പറയുന്ന “കേരള മോഡൽ”? അല്ലെങ്കിൽ നമ്മൾ സ്വപ്നം കണ്ട “ഐഡിയൽ കേരളം”?

35 വയസ്സുള്ള ഒരു ഓട്ടിസം വ്യക്തി… സ്വന്തം മാതാപിതാക്കളുടെ വേർപിരിയലിന് ശേഷം“ഷെൽട്ടർ ഹോം” എന്ന പേരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ വിട്ടു. അവിടെ ലഭിച്ചത് സംരക്ഷണമല്ല… മർദ്ദനം. ക്രൂരത. അവഗണന. മനുഷ്യത്വത്തിന്റെ പൂർണ്ണ പരാജയം. ശരീരത്തിൽ ആകമാനം മർദ്ദനത്തിന്റെ തെളിവുകൾ …അവസാനം — മരണം.

ഇത് ഒരു അപകടമല്ല. ഇത് ഒരു സംരക്ഷണത്തിന്റെ പേരിൽ നടന്ന ക്രൂരമായ കൊലപാതകം ആണ്. ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത ഈ സ്ഥാപനത്തിന് നിയമാനുസൃത അംഗീകാരം പോലും ഇല്ല. ഭിന്നശേഷിക്കാരെ പ്രവേശിപ്പിക്കാൻ ആവശ്യമായ നിയമങ്ങൾ പാലിച്ചിട്ടില്ല, സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചത്. നിയന്ത്രിക്കേണ്ടവർ മിണ്ടാതിരിക്കുന്നു… അല്ലെങ്കിൽ കാണാത്തതായി നടിക്കുന്നു. ഇവരെ കണ്ണുതുറപ്പിക്കാൻ സമൂഹം ഒന്നായി മുന്നോട്ടു വരണം. നിയമങ്ങൾ ഉണ്ടെന്ന് നമുക്ക് പറയാം. പക്ഷേ നിയമങ്ങൾ പേപ്പറിൽ മാത്രം ഉണ്ടെങ്കിൽ അതിന് അർത്ഥമുണ്ടോ?

നിസ്സഹായരായവർക്കും അശരണർക്കും സുരക്ഷ നൽകാൻ കഴിയാത്ത ഒരു സമൂഹത്തെ വികസിതമെന്ന് വിളിക്കാമോ? എത്ര അനധികൃത ഷെൽട്ടർ ഹോമുകൾ ഇന്നും പ്രവർത്തിക്കുന്നു? എത്ര ജീവനുകൾ ഇനിയും ഇങ്ങനെ അവസാനിക്കണം? ഇത് ഒരാളുടെ കഥ മാത്രം അല്ല. ഇത് നമ്മുടെ സമൂഹത്തിന്റെ ലജ്ജാകരമായ യാഥാർത്ഥ്യം ആണ്.

ഓരോ ഭിന്നശേഷിക്കാരനും മാന്യതയോടെ ജീവിക്കാൻ അവകാശമുണ്ട്. അത് ഒരു ദയയല്ല, ഒരു അവകാശമാണ്. ഇന്ന് നിശബ്ദരായാൽ…നാളെ മറ്റൊരാൾ ഇതേ വിധി അനുഭവിക്കും. എന്തുകൊണ്ട് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നു?

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമങ്ങളുടെ ദുർബലമായ നടപ്പാക്കൽ, കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നതും ഒപ്പം സാമൂഹിക മുദ്രകുത്തലും, ഷെൽട്ടർ ഹോമുകളുടെ പരിശോധനയും മേൽനോട്ടവും ഇല്ലായ്മ, സ്വകാര്യ പരിചരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തക്കുറവ്, പരാതി നൽകാനും നടപടി ഉണ്ടാകാനും ഉള്ള സംവിധാനങ്ങളുടെ ദുർബലത, തുടങ്ങി രാഷ്ട്രിയവും മതപരമായും ഉള്ള നിരവധി പ്രീണനകളും ഇതിനു കാരണമാകുന്നു. ശബ്ദമുയർത്തൂ, അനാസ്ഥയെ ചോദ്യം ചെയ്യൂ, ഇനിയും ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ

ഹിതേഷ്, പ്രഫസർ ആൻഡ് പൊലീസ് സർജൻ

Show Full Article
TAGS:Hithesh sanker Autopsy Autistic Man Autism 
News Summary - DR Hithesh sanker who performed the autopsy of murdered autistic person
Next Story