Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി പൊളിക്കുന്നതിന്...

ബാബരി പൊളിക്കുന്നതിന് മുമ്പ് തടയാൻ പറ്റാതിരുന്നത് കുറ്റകരമായ മൗനം; ആർഎസ്എസിനെ നിരോധിച്ചത് കൊണ്ട് പകുതിയേ ശരിയാകുന്നുള്ളൂ: ഡോ. ജിന്റോ ജോൺ

text_fields
bookmark_border
Dr. Jinto John speaking at a public event on Babri Masjid demolition and secularism
cancel

കൊച്ചി: ബാബരി ധ്വംസന വിഷയത്തിയൽ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും യാതൊരുവിധത്തിലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു സംഘടനയുടെ വാഗ്ദാനങ്ങളും ഉറപ്പുകളും വിശ്വസിച്ച് ഭരണകൂടം നോക്കിനിന്നത് കുറ്റകരമായ തെറ്റായിരുന്നുവെന്ന് ഡോ. ജിന്റോ ജോൺ. യൂത്ത് ലീഗ് സംസ്ഥാന സമ്മേളന സെമിനാറിലെ പരാമർശങ്ങൾക്ക് വിശദീകരണവുമായാണ് ജിന്‍റോ ഫേസ്ബുക്ക് കുറിപ്പിൽ നിലപാട് വ്യക്തമാക്കിയത്.

ബാബരി മസ്ജിദ് തകർക്കപ്പെടില്ലെന്ന് ലോക്സഭയിൽ ഉറപ്പുനൽകിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എൽ.കെ. അദ്വാനിയും, പള്ളിക്ക് സംരക്ഷണം നൽകുമെന്ന് സുപ്രീം കോടതിയിൽ ഉറപ്പുനൽകിയത് ഉത്തർപ്രദേശിലെ കല്യാൺ സിംഗ് സർക്കാരുമായിരുന്നു. ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും നാഷണൽ ഇന്റഗ്രേഷൻ കൗൺസിലിനും നൽകിയ ഈ ഉറപ്പുകൾ ലംഘിച്ചാണ് സംഘപരിവാർ മസ്ജിദ് തകർത്തത്. വിശ്വസിക്കാൻ കൊള്ളാത്തവരുടെ വ്യാജ വാഗ്ദാനങ്ങൾ മാത്രം വിശ്വാസത്തിലെടുത്ത് കണ്ടു നിന്നതാണ് ബാബരി തകർച്ചയിലേക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് മുൻപ് അത് തടയാൻ ആവശ്യമായ ശക്തമായ മുൻകരുതലുകൾ എടുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടത് 'കുറ്റകരമായ മൗനം' തന്നെയാണ്. ക്രമസമാധാന പാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും, അത് തകർക്കപ്പെടുകയും ആരാധനാലയങ്ങൾ പൊളിക്കപ്പെടുകയും ചെയ്യുമ്പോൾ ഇടപെടാൻ കേന്ദ്രസർക്കാറിന് ബാധ്യതയുണ്ടായിരുന്നു. 1947 ഓഗസ്റ്റ് 15-ലെ ആരാധനാലയങ്ങളുടെ മതസ്വഭാവം നിലനിർത്തുന്ന 1991-ലെ നിയമം പാർലമെന്റിൽ കൊണ്ടുവന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ മെല്ലെപ്പോക്കിനെയാണ് താൻ വിമർശിച്ചതെന്ന് ജിന്റോ ജോൺ ചൂണ്ടിക്കാട്ടി.

കെട്ടിടം തകർക്കപ്പെട്ട ഡിസംബർ 6-ന് തന്നെ യു.പിയിലെ ബി.ജെ.പി സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ഡിസംബർ 10-ന് ആർ.എസ്.എസിനെ നിരോധിക്കുകയും ചെയ്തെങ്കിലും, ദുരന്തം നടക്കുന്നതിന് മുൻപ് അത് പ്രതിരോധിക്കാൻ കഴിയാതിരുന്നതാണ് പ്രധാന വീഴ്ച. ഒരു നേതാവ് എത്ര വലിയ സാമ്പത്തിക വിപ്ലവം നടത്തിയാലും രാജ്യത്തിന്റെ ഭരണഘടനാപരമായ മതേതരത്വം തകർക്കപ്പെടുമ്പോൾ മിണ്ടാതിരുന്നിട്ടുണ്ടെങ്കിൽ അതിനെ ചരിത്രപരമായി വിലയിരുത്തുക തന്നെ വേണം.

തന്റെ പരാമർശങ്ങളുടെ പേരിൽ വരുന്ന വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും, ചരിത്ര സത്യങ്ങളെ സത്യസന്ധമായും നിഷ്പക്ഷമായും വിലയിരുത്തിയാൽ മാത്രമേ സംഘപരിവാറിനെതിരെ നിരന്തരം പോരാടാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബാബരി മസ്ജിദ് തടയാൻ സാധിക്കാത്തതിൽ മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കളായ മാധവറാവു സിന്ധ്യ, ദിഗ്‌വിജയ് സിംഗ്, അന്നത്തെ പാർട്ടി പ്രസിഡന്റ് സീതാറാം കേസരി തുടങ്ങിയവർ പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്നും പ്രകടനപത്രികയിലൂടെ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നേരത്തെ എറണാകുളത്ത് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കവേ, ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ വേണ്ടത്ര ജാഗ്രത കാട്ടാതിരുന്ന 17 ഭാഷകളറിയുന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിലപാടിനെ ജിന്റോ ജോൺ പരോക്ഷമായി വിമർശിച്ചിരുന്നു. ഫാഷിസത്തോടും വർഗീയതയോടും നിരന്തരം പോരാടണമെന്നും, മൗനവും നിഷ്പക്ഷതയും അപകടകരമാണെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ജിന്റോ ജോൺ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ബാബ്റി മസ്ജിദ് തകർക്കില്ലെന്ന് ലോക്സഭയിൽ ഉറപ്പു നൽകിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എൽ കെ അദ്വാനിയായിരുന്നു. ബാബ്റി മസ്ജിദിന് സംരക്ഷണം നൽകുമെന്ന് സുപ്രീം കോടതിയിൽ ഉറപ്പുനൽകിയത് കല്യാൺ സിംഗിന്റെ ഉത്തർപ്രദേശിലെ ബിജെപി സർക്കാരായിരുന്നു. സുപ്രീംകോടതിക്ക് നൽകിയ ആ ഉറപ്പ് ലംഘിക്കപ്പെട്ടു; ഫലത്തിൽ സുപ്രീംകോടതിയുടെയും നാഷണൽ ഇന്റഗ്രേഷൻ കൗൺസിലിന്റെയും ഉറപ്പുകളും ലംഘിക്കപ്പെട്ടു. സംഘപരിവാർ ബാബരി മസ്ജിദ് തകർത്തു.

മസ്ജിദ് തകർക്കപ്പെട്ട 1992 ഡിസംബർ 6-ന് തന്നെ യു പി നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്‌ നരസിംഹറാവു സർക്കാരായിരുന്നു. ഡിസംബർ 10-ന് ആർ.എസ്.എസിനെയും കേന്ദ്രം നിരോധിച്ചു എന്നതും സത്യമാണ്. എന്നാൽ 1947 ഓഗസ്റ്റ് 15 ന് നിലനിന്നിരുന്ന ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാർലമെന്റിൽ കൊണ്ടുവന്ന നരസിംഹറാവു സർക്കാരിന്റെ കാലത്ത് തന്നെ നടന്ന ഈ മുറിവിന് കാരണം ആരുടെ മെല്ലെപ്പോക്കായിരുന്നു? അതുമാത്രമായിരുന്നു എന്റെ ചോദ്യം.

ഗാന്ധി വധത്തിലുൾപ്പെടെയുള്ള അനവധി ഉദാഹരണങ്ങളിലൂടെ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലോ സ്വതന്ത്ര ഇന്ത്യയിലോ യാതൊരുവിധത്തിലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു സംഘടനയുടെ രാഷ്ട്രീയ രൂപം ഭരിക്കുന്ന സർക്കാരിന്റെ വാക്ക് വിശ്വസിച്ച് നോക്കിനിന്നത് തെറ്റായിരുന്നു എന്ന് തന്നെയാണ് നിലപാട്. ക്രമസമാധാന പാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും അത് തകർക്കപ്പെടുമ്പോൾ, ആരാധനാലയങ്ങൾ പൊളിക്കപ്പെടുമ്പോൾ ഇടപെടാൻ കൂടിയുള്ളതാണ് കേന്ദ്രസർക്കാർ. ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ടതിനുശേഷം നിയമസഭ പിരിച്ചുവിട്ടത് കൊണ്ടോ ആർഎസ്എസിനെ നിരോധിച്ചത് കൊണ്ടോ പകുതി ഭാഗം മാത്രമേ ശരിയാകുന്നുള്ളൂ. മസ്ജിദ് പൊളിക്കപ്പെടുന്നതിന് മുമ്പ് അത് തടയാൻ പറ്റാതിരുന്നത് കുറ്റകരമായ മൗനത്തിന്റെ പേരിൽ തന്നെയായിരുന്നു. പോയ വണ്ടിക്ക് കൈ കാണിക്കുന്ന പോലുള്ള തുടർനടപടികൾ അല്ലായിരുന്നു അവിടെ വേണ്ടിയിരുന്നത്. പൊളിക്കപ്പെടാതിരിക്കാൻ, ആരാധനാലയ സംരക്ഷണം നിയമത്തിന്റെ ലംഘനം നടക്കാൻ പോകുന്നു എന്ന് മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ് അവിടെ നടന്ന തെറ്റ്.

ഒരു നേതാവ് എത്ര വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയാലും സാമ്പത്തിക വിപ്ലവം നടത്തിയാലും ഈ രാജ്യത്തിന്റെ ഭരണഘടനാപരമായ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം തകർക്കപ്പെടുമ്പോൾ മിണ്ടാതിരുന്നോ എന്നുള്ളതാണ് ചോദ്യം. അങ്ങനെ മിണ്ടാതിരുന്നിട്ടുണ്ടെങ്കിൽ അതൊരു കുറ്റകരമായ മൗനം തന്നെയായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അത്‌ ചിലപ്പോൾ 'മൂക്കാതെ പഴുത്ത' എന്റെ അറിവിന്റെ പരിമിതിയായി കണ്ട് മൂത്ത് പഴുത്ത തെറിവിളിക്കാർ വിട്ടുകളയൂ. പക്ഷേ ചരിത്ര വസ്തുതകളെ സൗകര്യപൂർവ്വം പകുതി തമസ്കരിക്കരിച്ചാകരുത് വിലയിരുത്തേണ്ടത്.

ഇനി, കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ തിരുത്തിയോ എന്ന് ചോദിച്ചാൽ നിരവധി ഉദാഹരണങ്ങളുണ്ട്. 1998 ൽ മാധവറാവു സിന്ധ്യ നിരുപാധികം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകർക്കപ്പെടുന്നു മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാൻ, തടസ്സപ്പെടുത്താൻ കഴിയാതിരുന്നതിന്റെ പേരിൽ. പിന്നീട് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ ഉൾപ്പെടുത്തിയ വാക്ക് മതേതര മനുഷ്യരോടുള്ള 'നിരുപാധികം മാപ്പ്' എന്നുള്ളതാണ്. നിരുപാധിക മാപ്പ് പ്രകടിപ്പിക്കേണ്ട മൗനത്തിന് കാരണമായ വ്യക്തിക്ക് ആ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് പോലും കൊടുത്തില്ല പാർട്ടി. 2008ലും 2009ലുമെല്ലാം ദിഗ് വിജയ് സിംഗിനെ പോലുള്ള നേതാക്കൾ ഉത്തരപ്രദേശിലുടനീളം ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്, കല്യാൺ സിംഗിന്റെ ബിജെപി സർക്കാരിനെ വിശ്വസിച്ചുപോയ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് തന്നെ. കോൺഗ്രസ് പ്രസിഡന്റ് സീതാറാം കേസരിക്കും ഇതേ നിലപാടായിരുന്നു. ഇവിടെ തെറ്റേറ്റുപറഞ്ഞത് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ വേണ്ടത്ര ജാഗ്രതയോടെ മുൻകൂട്ടി കണ്ട് തടസ്സം ചെയ്യാൻ പറ്റിയില്ല എന്നുള്ളതിന്റെ പേരിലാണ്.

എന്നെ എത്രയധികം വിചാരണ ചെയ്താലും തെറിവിളിച്ചാലും പക്വതക്കുറവ് എന്നാക്ഷേപിച്ചാലും മഹാത്മാ ഗാന്ധിയെ വധിച്ച, രാജ്യത്തുടനീളം നൂറുകണക്കിന് കലാപങ്ങൾ നടത്തിയ, ഒരുപാടേറെ മനുഷ്യരെ വേട്ടയാടിയ സംഘപരിവാറിനെ വേണ്ടവിധത്തിൽ മനസ്സിലാക്കി അവരുടെ വ്യാജ വാഗ്ദാനങ്ങളുടെ ഉറപ്പുകൾ മാത്രം വിശ്വാസത്തിലെടുത്ത് കണ്ടു നിന്നതിന്റെ പേരിലാണ് ഈ ഖേദപ്രകടനങ്ങളെല്ലാം. തെറ്റുപറ്റി എന്നത് സമ്മതിക്കുമ്പോഴാണ് മുന്നോട്ട് നടക്കാൻ എളുപ്പം കിട്ടുക. പറ്റിയതെല്ലാം സൗകര്യപൂർവ്വം ഒളിച്ചുവച്ച് സംഘപരിവാർ വിമർശനമത്ര നല്ല രീതിയാണെന്നും തോന്നുന്നില്ല.

കൈയ്യടിക്ക് വേണ്ടിയും ഗ്യാലറിക്ക് വേണ്ടിയും ഒരു കാലത്തും സംസാരിച്ച് ശീലിച്ചിട്ടില്ല. ബോധ്യങ്ങളാണ് സംസാരിക്കുന്നത്.അതുകൊണ്ട് ആ ആക്ഷേപം ഉന്നയിക്കുന്നവരുടെ പോക്കറ്റിലിടുന്നതാണ് ഭേദം. എന്നെ കേൾക്കുന്നവർ ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ ബോധ്യത്തിന് അനുസരിച്ചല്ലേ പ്രതികരിക്കുക. ചിലർ കയ്യടിക്കും ചിലർ തെറിവിളിക്കും. അത് ഓരോരുത്തരുടെയും രാഷ്ട്രീയ ബോധ്യങ്ങളുടെ പ്രതിബിംബമല്ലേ. എന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടുമത്ര ബാധിക്കാറില്ല.

ചരിത്രപരമായ സത്യങ്ങളെ, വസ്തുതകളെ സത്യസന്ധമായും നിഷ്പക്ഷമായും വിലയിരുത്തിയാലേ സംഘപരിവാറിനോട് നിരന്തരം സത്യസന്ധമായി പോരാടാൻ സാധിക്കുകയുള്ളൂ. ഒരുതരത്തിലും, കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും കഴിക്കുന്ന ഭക്ഷണത്തിലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു സംഘടനയെ വിശ്വസിച്ചത് തെറ്റ് തന്നെയാണ്. വാക്ക് വഞ്ചന നടത്തുന്നത് കണ്ടിട്ടും വിശ്വാസം തുടർന്നതും തെറ്റാണ്. അതിനി പാർലമെന്റിനകത്തോ സുപ്രീംകോടതിക്കുള്ളിലോ നിന്ന് കേട്ടാൽ പോലും വിശ്വസിക്കാൻ പാടില്ല എന്നുള്ള പാഠം കൂടിയാണ്.

മൗനം കൊണ്ടല്ല, പ്രതികരണം കൊണ്ടും നിലപാട് കൊണ്ടുമാണ് സംഘപരിവാറിനെ നേരിടേണ്ടത്. സംഘപരിവാർ വിരുദ്ധത ഒരു രാഷ്ട്രീയ ജീവിതശൈലി കൂടിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Jinto John Babri Masjid Demolition PV Narasimha Rao Congress Sangh Parivar facebook post 
News Summary - "Failing to Prevent Babri Masjid Demolition Was Criminal Silence": Dr. Jinto John Clarifies Remarks
Next Story