സാർഥകമാകാതെ സ്വാമിനാഥന്റെ സ്വപ്നമായ കുട്ടനാട്ടിലെ കാർഷിക ലാബ്
text_fieldsകുട്ടനാട്: നെല്ലറയുടെ വേരുകൾ രക്തത്തിലലിഞ്ഞ ഹരിതവിപ്ലവ നായകൻ കുട്ടനാട്ടിൽ പൂർണസജ്ജമായ ഒരു കാർഷിക ലാബ് എന്നും സ്വപ്നം കണ്ടിരുന്നു. നേട്ടങ്ങളുടെയും പദവികളുടെയും പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറി രാജ്യത്തിന് അഭിമാനമായ വേളകളിലും കുട്ടനാട്ടിൽ സുസ്ഥിര കാർഷിക വികസനത്തിന് ലാബ് അനിവാര്യമെന്ന് അദ്ദേഹം ഓർമിച്ചു കൊണ്ടേയിരുന്നു.
രാജ്യസഭ അംഗമായിരിക്കെ മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് കെട്ടിടത്തിന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ലാബിനാവശ്യമായ കെട്ടിട നിർമാണം പൂർത്തിയാക്കി. കർഷകർക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലുള്ള മറ്റെങ്ങുമില്ലാത്ത സൗകര്യങ്ങളുള്ള തരത്തിലെ ലാബായിരുന്നു ലക്ഷ്യം. 57 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് ആവശ്യമായി വന്നെങ്കിലും സ്വാമിനാഥൻ പണം നൽകി നിർമാണം പൂർത്തിയാക്കി. 2016 ഫെബ്രുവരി ആറിന് ലാബ് സ്വാമിനാഥൻ എത്തി ഉദ്ഘാടനവും ചെയ്തു.
തുടർ നടത്തിപ്പിന് സംസ്ഥാന സർക്കാർ നിസ്സംഗത കാട്ടിയതോടെ കാർഷിക ലാബ് ഉദ്ഘാടനത്തിലൊതുങ്ങി. പിന്നീട് സ്വാമിനാഥൻ ഫാണ്ടേഷൻ വഴി സ്വാമിനാഥൻ പലതവണ കേരള സർക്കാറിന് കത്ത് എഴുതിയെങ്കിലും ഒന്നും നടന്നില്ല. ലക്ഷ്യം കാണാത്ത ലാബ് കെട്ടിടം സ്വാമിനാഥന്റെ സ്വപ്നമായി തന്നെ അവശേഷിച്ചു. ഫെബ്രുവരിയിൽ ലാബ് ഉദ്ഘാടത്തിന് നാട്ടിലെത്തിയ സമയത്ത് കർഷകരോടും മങ്കൊമ്പ് ക്ഷേത്ര സമിതി ഭാരവാഹികളോടും കാർഷിക ലാബിനെക്കുറിച്ച് അദ്ദേഹം ഏറെ പറഞ്ഞിരുന്നു. കുട്ടനാട് പാക്കേജിലെ അവതാളങ്ങൾ ലാബിന്റെ കാര്യത്തിലും ഉണ്ടാകുമോയെന്ന ആശങ്കയും ജനപ്രതിനിധികളെ സ്വാമിനാഥൻ അറിയിച്ചു.
കുട്ടനാടുമായുള്ള ബന്ധവും അറിവുമാണ് പാക്കേജ് കാര്യത്തിലും ലാബ് വിഷയത്തിലും സ്വാമിനാഥൻ മുൻ കൈയെടുക്കാൻ കാരണമായത്. ചെന്നൈ കുംഭകോണത്താണ് സ്വാമിനാഥൻ ജനിച്ചതെങ്കിലും പിതാവ് എം.കെ. സാംബശിവന്റെ നാടായ മങ്കൊമ്പിൽ ചെറുപ്പം മുതലേ സ്വാമിനാഥൻ വിശേഷനാളുകളിൽ എത്തുമായിരുന്നു.
ഡോക്ടറായ പിതാവും മാതാവ് തങ്കമ്മാളും സ്വാമിനാഥനെ ചെന്നൈ പുത്രനായി വളർത്തിയെങ്കിലും സ്വാമിനാഥന്റെ ബുദ്ധിയിലും ചിന്തയിലും എന്നും കുട്ടനാട് ഉണ്ടായിരുന്നു. കുട്ടനാട്ടിലെ കർഷകർക്കും കാർഷിക മേഖലക്കും ഗുണം ചെയ്യുന്ന പൂർത്തിയാകാത്ത എല്ലാ പദ്ധതികളിലും സ്വാമിനാഥന്റെ ഇടപെടലുകൾ ഓർമകളുടെ കൈയൊപ്പായിയുണ്ടാകും.