കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള (68) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 8.55നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ്.
തിരുവനന്തപുരം ഉള്ളൂർ പോങ്ങുമൂട് അര്‍ച്ചന നഗര്‍ ശിവപ്രിയയിലായിരുന്നു താമസം. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കേരള സർവകലാശാല സെനറ്റ് ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പോങ്ങുമ്മൂടിലെ വസതിയിലെത്തിച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ സംസ്കരിക്കും.
2018 ഒക്ടോബർ 25 മുതൽ 2022 ഒക്ടോബർ 24 വരെയാണ് മഹാദേവൻ പിള്ള കേരള സർവകലാശാല വൈസ് ചാൻസലറായിരുന്നത്. അദ്ദേഹത്തിന്റെ കാലയളവിലാണ് കേരള സർവകലാശാലക്ക് നാക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചത്.
2001 മേയ് 17നാണ് കേരള സർവകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വകുപ്പിൽ റീഡറായി ചേർന്നത്. 2005ൽ പ്രഫസറായി. 36 വർഷത്തെ അധ്യാപന പരിചയമുണ്ടായിരുന്നു. ഭാര്യ: എസ്. ജയലക്ഷ്മി (റിട്ട. അഡീഷനൽ സെക്രട്ടറി). മക്കൾ: എം. അരുൺകുമാർ, എം. ആനന്ദ്കുമാർ (ഇരുവരും യു.എസ്.എ). മരുമക്കള്‍: തുഷാര, അഞ്ജലി.


