കണ്ണൂരിൽ ലഹരിക്കടത്തുകാരും കരുതൽ തടങ്കലിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: ഒന്നിലേറെ തവണ മയക്കുമരുന്നുൾപ്പെടെയുള്ള ലഹരിക്കടത്ത് കേസിലുൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കാൻ പൊലീസും എക്സൈസും പട്ടിക തയാറാക്കി. പിറ്റ് എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൽ ഓഫ് ഇലിസിറ്റ് ട്രാഫിക്ക് നർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്ടോപ്പിക്ക് സബ്സ്റ്റൻസസ് ആക്ട്) പ്രകാരമാണ് ലഹരി കടത്തുകാരെ കരുതൽ തടങ്കലിലാക്കുക. നേരത്തെയിറങ്ങിയ ഉത്തരവ് കർശനമാക്കാൻ അഡീ. ചീഫ് സെക്രട്ടറി വീണ്ടും ഉത്തരവിട്ടിരിന്നു. ഇതു പ്രകാരമാണ് സംസ്ഥാനമാകെ നടപടി തുടങ്ങിയത്.
ഒന്നിലധികം തവണ ലഹരിക്കേസിൽ പ്രതിയാവുന്നവരെയും വീണ്ടും വിൽപനക്കിറങ്ങുന്നവരെയും ഇവർക്ക് സാമ്പത്തിക സഹായമോ മറ്റ് സഹായങ്ങളോ നൽകുന്നവരെയും ഈ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കാം. ആറ് മാസത്തേക്കാണ് ആദ്യം തടങ്കലിലാക്കുകയെങ്കിലും പിന്നീട് വേണമെങ്കിൽ വിചാരണ കൂടാതെ തന്നെ രണ്ട് വർഷം വരെ തടങ്കലിൽ വെക്കാം. കൂടാതെ, മയക്കുമരുന്ന് വിൽപന വഴിയുണ്ടാക്കിയ സമ്പാദ്യമെല്ലാം കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ മരവിപ്പിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇത്തരത്തിൽ പിടിയിലാവുന്നവരെ തിരുവനന്തപുരം പൂജപ്പുര ജയിലിലാണ് പാർപ്പിക്കുക. സ്ത്രീകളാണെങ്കിൽ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും. പല തവണ ലഹരിക്കേസിലുൾപ്പെട്ട് ഇറങ്ങിയ ശേഷം വീണ്ടും വിൽപന തുടരുന്നവരുടെ ആദ്യഘട്ട ലിസ്റ്റ് എക്സൈസും പൊലീസ് നർക്കോട്ടിക്ക് സെല്ലും തയാറാക്കിയിട്ടുണ്ട്. ആദ്യ ലിസ്റ്റ് പ്രകാരം ജില്ലയിൽ ഒരു യുവാവും യുവതിയും കരുതൽ തടങ്കലിലായിട്ടുണ്ട്. മുഴക്കുന്ന് സ്വദേശി കിഴക്കേവീട്ടിൽ ജിനീഷ് (34) നെയാണ് ആദ്യം പേരാവൂർ ഡിവൈ.എസ്.പി എം.പി ആസാദിന്റെ നേതൃത്വത്തിൽ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പൂജപ്പുര ജയിലിലാണ്. എക്സൈസ് ആദ്യം ഈ നിയമപ്രകാരം അറസ്റ്റ് ചെയ്തത് യുവതിയെയാണ്. നിരവധി തവണ കഞ്ചാവും എം.ഡി.എം.എയുമായി പിടിയിലായി ജാമ്യത്തിലിറങ്ങി ബംഗളുരുവിൽ മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്ന ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂർ മുല്ലക്കോട് സ്വദേശി സി. നിഖില (30) യെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ജില്ലയിൽ ഇതിനോടകം പത്തിലേറെ പേരുടെ ലിസ്റ്റാണ് എക്സൈസ് തയാറാക്കിയിട്ടുള്ളതെന്ന് കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സതീഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.