ലഹരി ഉപയോഗം; രോഗികളാകുന്നവരുടെ എണ്ണത്തിൽ വർധന
text_fieldsകൊച്ചി: ലഹരിവസ്തുക്കളുടെ അമിത ഉപയോഗംമൂലം രോഗികളാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. മദ്യം, മയക്കുമരുന്ന് അടക്കമുള്ള ലഹരിവസ്തുക്കളുടെ അമിത ഉപയോഗംമൂലം ഗുരുതരാവസ്ഥയിലായി സംസ്ഥാനത്ത് നാല് വർഷത്തിനിടെ ചികിത്സ തേടിയത് ഒരുലക്ഷത്തിലേറെ പേരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ 1,16,700 പേരാണ് ചികിത്സ തേടിയത്. 2021ൽ 21,661 പേർ ചികിത്സ തേടിയപ്പോൾ 2022ൽ അത് 30,835 ആയി ഉയർന്നു. തൊട്ടടുത്ത വർഷം 30,946 ആണ്. കഴിഞ്ഞ വർഷം 29,936 പേരാണ് ചികിത്സ തേടിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടരമാസത്തിനിടെ മാത്രം ചികിത്സ തേടിയത് 3322 പേരാണ്.
കൂടുതൽപേർ ചികിത്സ തേടിയെത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 17,163 പേരാണ് ചികിത്സ തേടിയത്. കൊല്ലം (12,690), കോഴിക്കോട് (12,536), മലപ്പുറം(12,909), കോട്ടയം ജില്ലകളിലും വലിയ രീതിയിൽ ആളുകൾ ചികിത്സ തേടിയിട്ടുണ്ട്.
ചികിത്സ തേടിയവരിൽ 25 പേർ ഇക്കാലയളവിൽ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ എറണാകുളം (03), കാസർകോട് (04) ജില്ലകളിലായി ഏഴുപേരും 2022ൽ ആലപ്പുഴ (04), എറണാകുളം (01) ജില്ലകളിലായി അഞ്ചും തൊട്ടടുത്ത വർഷം കാസർകോട് (02), തൃശൂർ (01), എറണാകുളം (01), ആലപ്പുഴ (05), തിരുവനന്തപുരം (01) ജില്ലകളിലായി പത്തുപേരും കഴിഞ്ഞ വർഷം കാസർകോട് (01), ആലപ്പുഴ (01) ജില്ലകളിലായി രണ്ടുപേരും ഈ വർഷം ഇതുവരെ ആലപ്പുഴ ജില്ലയിൽ ഒരാളുമാണ് മരിച്ചത്.
ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ 15 ലഹരി വിമോചനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം എക്സൈസ് വകുപ്പിനു കീഴിൽ വിമുക്തി പദ്ധതിയിൽ ജില്ല അടിസ്ഥാനത്തിൽ 14 ലഹരി വിമോചനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ഔഷധചികിത്സ, കൗൺസലിങ്, സാമൂഹിക ചികിത്സ, ഗ്രൂപ്പ് തെറപ്പി അടക്കമുള്ള ഘട്ടങ്ങളിലൂടെയാണ് രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നത്.