ഇ ചെലാൻ തട്ടിപ്പ് പെരുകുന്നു; തലവെച്ച് വാഹന ഉടമകൾ
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് ഇ ചെലാന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുമ്പോഴും ഇതിൽ തലവെച്ച് പണം നഷ്ടമാകുന്നവരുടെ എണ്ണം ദിനേന വർധിക്കുന്നു. തട്ടിപ്പുകാരുടെ സാമർഥ്യവും വാഹന ഉടമകളുടെ അശ്രദ്ധയുമാണ് ഇത്തരം തട്ടിപ്പുകൾ പെരുകാൻ ഇടയാക്കുന്നത്.
സാധാരണക്കാരെ എളുപ്പത്തിൽ വീഴ്ത്താൻ പാകത്തിൽ വാഹന വകുപ്പ് അയക്കുന്നതിന് സമാനമായ രീതിയിൽ ഔദ്യോഗിക ലോഗോ സഹിതം മൊബൈൽ സന്ദേശം അയച്ചാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്നത്. വ്യാജ സന്ദേശം വർധിച്ചതോടെ, മോട്ടോർ വാഹന വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് ഓഫിസുകളിലെത്തുന്ന പരാതികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. പിഴത്തുക ചൂണ്ടിക്കാണിച്ചാണ് മൈാബൈലിലേക്ക് സന്ദേശംവരുന്നത്. വെർച്വൽ അറസ്റ്റും നടപടികളും ഒഴിവാക്കാണമെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് വഴി പിഴ അടക്കാനാണ് നിർദേശം. ഇതിന് വ്യാജ ലിങ്കും അയച്ചുനൽകുന്നു. ഗതാഗത നിയമലംഘനവുമായി ബന്പ്പെട്ട പിഴ സംബന്ധിച്ച വിവരമറിയാൻ കൃത്യമായ സൗകര്യം ഉണ്ടെന്നിരിക്കെയാണ് പലരും തട്ടിപ്പിനിരയാകുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‍പോർട്ട് ആൻഡ് ഹൈവേസ് എന്ന കേന്ദ്ര സർക്കാറിന്റെ സൈറ്റിലോ (മോർത്ത്) സംസ്ഥാന സർക്കാറിന്റെ ഇ ചലാൻ പരിവാഹൻ സൈറ്റിലോ കയറിയാൽ വാഹനപിഴ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നിരിക്കെയാണ് വ്യാജ ലിങ്ക് ഉപയോഗിച്ച് ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. പിഴ അടച്ചില്ലെങ്കിൽ എറണാകുളത്തുള്ള മോട്ടോർ വാഹന കേസ് കൈകാര്യം ചെയ്യുന്ന വെർച്വൽ കോടതിയിലേക്ക് കേസ് മാറ്റുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
കോടതി നടപടികൾ ഒഴിവാക്കാൻ നൽകുന്ന ലിങ്കിലൂടെ പണമടക്കാൻ ആവശ്യപ്പെടും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ, അക്കൗണ്ടിൽനിന്ന് പണം തട്ടുകയാണ്. പിഴയെക്കാൾ കൂടുതൽ പണം നഷ്ടപ്പെട്ട് എൻഫോഴ്സ്മെന്റിൽ വിവരം അറിയിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഉപഭോക്താക്കളുടെ പൂർണ ഡേറ്റകളാണ് ചോർത്തുന്നത്.
ഇത് ശ്രദ്ധിക്കാം
മോട്ടോർ വാഹന വകുപ്പ് പിഴ സംബന്ധിച്ച്, മൊബൈൽ ഫോൺ ലിങ്ക് ചെയ്തവർക്ക് േഫാൺ സന്ദേശം വഴിയോ പോസ്റ്റൽ വഴിയോ വിവരം ലഭിക്കും
പിഴ അടക്കേണ്ടവർ ഇ ചെലാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണം
വ്യക്തിഗത വിവരങ്ങൾ മോട്ടോർ വാഹനവകുപ്പ് ചോദിക്കില്ല, വ്യാജ സന്ദേശത്തിന് മറുപടി നൽകരുത്
പിഴ സംബന്ധിച്ച സന്ദേശം വന്നാൽ eChallan Parivahan Gov സൈറ്റിൽ പരിശോധന നടത്തണം
പിഴ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ എൻേഫാഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് സംശയദൂരീകരണം നടത്താം
പാസ് വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകരുത്