ഇ-ഗഹാന്‍ രജിസ്ട്രേഷന്‍ പൂര്‍ണമായും നിലച്ചു
text_fieldsതിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് നല്‍കാന്‍ കഴിയാത്തതിനാല്‍ ഇ-ഗഹാന്‍ രജിസ്ട്രേഷന്‍, ബാധ്യത സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ പൂര്‍ണമായും നിലച്ചു. സെര്‍വര്‍ തകരാര്‍ നിമിത്തം സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ആധാരങ്ങളുടെ രജിസ്ട്രേഷനും തടസ്സപ്പെട്ടു.
ദിവസങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുന്നില്ല. തകരാര്‍ രൂക്ഷമായതോടെ ജില്ലകള്‍ തിരിച്ച് സമയം ക്രമീകരിച്ച് സംവിധാനം ഏര്‍പ്പെടുത്തിയാണ് താല്‍ക്കാലിക പ്രശ്നപരിഹാരം ഉണ്ടാക്കിയത്. എങ്കിലും പലയിടത്തും രജിസ്ട്രേഷന് എത്തിയവര്‍ നിരാശരായി മടങ്ങിപ്പോകേണ്ടി വന്നു. രാവിലെ 10.30ന് ആധാര രജിസ്ട്രേഷനായി ടോക്കണ്‍ എടുത്തവര്‍ക്ക് അടുത്തദിവസം രജിസ്ട്രേഷന്‍ നടത്തിയ സംഭവങ്ങളുമുണ്ടായി.
ജില്ല ഓഫിസുകളിലേക്ക് പരാതി പ്രളയമായിരുന്നു. രാവിലെ മുതല്‍ തന്നെ രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ പരാതികള്‍ വകുപ്പ് മേധാവികളെ അറിയിച്ചു. ഇടപാടുകാരോട് സെര്‍വര്‍ തകരാറാണെന്ന് പറഞ്ഞെങ്കിലും സബ് രജിസ്ട്രാർ ഓഫിസുകളിലെത്തിയ പലരും ബഹളം െവച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് സബ് രജിസ്ട്രാർ ഓഫിസുകളിലേക്ക് അയക്കുന്ന ഗഹാന്‍ സബ് രജിസ്ട്രാർ ഓഫിസുകളില്‍ സ്വീകരിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മടക്കി അയക്കുന്നതാണ് നിലവിലെ രീതി.


