Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ പൊട്ടന്മാർക്കൊന്നും...

‘ഈ പൊട്ടന്മാർക്കൊന്നും സയൻസ് അറിയില്ല, കന്നാസിൽ വെള്ളം ചേർത്താണോ ഈ മഹാൻമാർ സാംപിളെടുത്തത്?’; എഥനോൾ വിവാദത്തിൽ സുരേഷ് ഗോപി

text_fields
bookmark_border
‘ഈ പൊട്ടന്മാർക്കൊന്നും സയൻസ് അറിയില്ല, കന്നാസിൽ വെള്ളം ചേർത്താണോ ഈ മഹാൻമാർ സാംപിളെടുത്തത്?’; എഥനോൾ വിവാദത്തിൽ സുരേഷ് ഗോപി
cancel

തൃശൂർ: പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് അനുവദനീയമായ പരിധി കടന്നെന്ന ആരോപണം ഉന്നയിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾ ഉന്നയിക്കുന്ന പൊട്ടന്മാർക്കൊന്നും ഇതിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ച് അറിവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എഥനോൾ മിശ്രിതം 20 ശതമാനത്തിൽ കൂടുതലാണെന്ന ആരോപണങ്ങൾ തള്ളിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

'ദുഷിച്ച രാഷ്ട്രീയ ശക്തികൾ ഉന്നയിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ചാണ് ഞാൻ നേരത്തെ പറഞ്ഞത്. ഈ പൊട്ടന്മാർക്കൊന്നും ഇതിന്റെ സയൻസ് അറിയില്ല. നിങ്ങൾക്ക് പരിശോധിക്കണമെങ്കിൽ പരിശോധിക്കാം' -സുരേഷ് ഗോപി പറഞ്ഞു.

രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാണ് ശാസ്ത്രീയ അംഗീകാരമുള്ളത്. ഇന്ധനത്തിൽ എഥനോൾ ചേർക്കുന്ന സംവിധാനം അതിനനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലെൻഡിങ് പോയിന്റിൽ 20 ശതമാനം എഥനോൾ കലർത്തുന്ന രീതിയിലാണ് യന്ത്രങ്ങൾ കാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. നിശ്ചിത അളവിലെത്തുമ്പോൾ മിശ്രിതം ചേർക്കുന്നത് അവസാനിപ്പിക്കും. 20 ശതമാനത്തിന്റെ മൂന്ന് ശതമാനം വ്യതിയാനം ഉണ്ടായാൽ പോലും എഥനോളിന്റെ അളവ് 19.4 മുതൽ 20.6 ശതമാനം വരെയായിരിക്കുമെന്നും 20 ശതമാനത്തിലധികം എഥനോൾ ചേർക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളുടെ വിശ്വാസ്യതയെയും സുരേഷ് ഗോപി ചോദ്യം ചെയ്തു. ‘ഈ പറഞ്ഞ മഹാന്മാരെല്ലാം കന്നാസിൽ കൊണ്ടുപോയി വെള്ളം ചേർത്ത് മിക്സ് ചെയ്തതാണോ, അതോ സാമ്പിൾ എടുത്തതാണോ എന്ന് സി.ബി.ഐ വന്നാൽ ഉടനെ അറിയാം’ -അദ്ദേഹം പറഞ്ഞു.

അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും സംസ്കരണവും വിശദീകരിച്ച മന്ത്രി, പെട്രോളും ഡീസലും മാത്രമല്ല, വിമാന ഇന്ധനം, മണ്ണെണ്ണ, ബിറ്റുമിൻ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ക്രൂഡ് ഓയിൽ സംസ്കരണത്തിലൂടെ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് അടക്കമുള്ള ഉപോൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്നത് ബിറ്റുമിന്റെ ഘടനയെ ബാധിക്കുന്നുണ്ടെന്നും റോഡ് നിർമാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടിവരുന്നത് ഇതുകൊണ്ടാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽ തുരുമ്പെടുക്കൽ, ഭാഗങ്ങൾ തേയ്മാനത്തിന് വിധേയമാകൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ആരോപണങ്ങൾ സുരേഷ് ഗോപി തള്ളി. ഇത്തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതികൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വാഹനനിർമാതാക്കൾ ഉന്നയിച്ച വിഷയങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എഥനോൾ മിശ്രിതത്തിന്റെ പേരിൽ ഇതുവരെ ഇൻഷുറൻസ് ക്ലെയിമുകൾ ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Suresh Gopi Ethanol E20 Petrol petrol 
News Summary - These fools don't know science; Suresh Gopi slams critics over ethanol
Next Story