Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎബോള: വിദേശത്തുനിന്നും...

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

text_fields
bookmark_border
എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം
cancel

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ എബോള രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലും മുൻകരുതലുകൾ എടുത്ത് ആരോഗ്യമേഖല. ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് 21 ദിവസംവരെ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണമുണ്ടായിരിക്കും.

നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം. ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതിയോഗം വിലയിരുത്തി.

പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നീ രോഗലക്ഷണങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ടു സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം.

കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ. കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടക്കോളുകൾ, രോഗികളുടെ തീവ്രപരിചരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താൻ മന്ത്രി നിർദേശിച്ചു.

ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ദേശീയാരോഗ്യദൗത്യം സംസ്ഥാന ഡയറക്ടർ രാഹുൽകൃഷ്ണ ശർമ, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്കുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
TAGS:ebola Ebola virus General Health K Muraleedharan Kerala 
News Summary - Ebola: Those arriving in Kerala from abroad must remain under observation for 21 days
Next Story