ഇ.ഡി കോഴക്കേസ്: പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസിന് കോടതിയെ സമീപിക്കാം -ഹൈകോടതി
text_fieldsകൊച്ചി: ഇറക്കുമതിചെയ്ത കശുവണ്ടി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതി അനീഷ് ബാബുവിനെ കോഴക്കേസിൽ തെളിവെടുപ്പിന് വിട്ടുകിട്ടാൻ ബന്ധപ്പെട്ട കോടതിയെ വിജിലൻസിന് സമീപിക്കാമെന്ന് ഹൈകോടതി.
തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാൻ ഇ.ഡി കോഴ ആവശ്യപ്പെട്ടെന്ന തന്‍റെ പരാതിയിലെടുത്ത കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവമല്ലെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.
ആഫ്രിക്കൻ രാജ്യമായ താൻസനിയയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് അനീഷിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നത്. കേസ് ഒതുക്കാൻ ഇ.ഡി അസി. ഡയറക്ടറായിരുന്ന ശേഖർകുമാർ ഇടനിലക്കാരൻവഴി രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് ഹരജിക്കാരന്‍റെ പരാതി. എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ വീഴ്ചവരുത്തുന്നുവെന്നാണ് ഹരജിയിലെ ആരോപണം.
അതേസമയം, ഹരജിക്കാരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലുള്ള ഫോണിന്റെ പാസ്‌വേഡ് അടക്കം നൽകുന്നില്ലെന്നും വിജിലൻസ് ആരോപിച്ചിരുന്നു. പാസ്‌വേഡും മറ്റും കൈമാറാൻ കോടതി കഴിഞ്ഞ തവണ നിർദേശിച്ചെങ്കിലും അന്നുതന്നെ അനീഷ് ബാബുവിനെ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹരജിക്കാരനെ പരിമിത സമയത്തേക്ക് വിട്ടുകിട്ടാൻ കോടതിയിൽ വിജിലൻസിന് അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കിയത്.
കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ പത്തുദിവസത്തിനകം അപേക്ഷ നൽകാനാണ് നിർദേശം. അപേക്ഷ ലഭിച്ചാൽ പ്രത്യേക കോടതി അത് അനുഭാവപൂർവം പരിഗണിക്കണം. തുടർന്ന് ഹരജി വീണ്ടും ഫെബ്രുവരി 10ന് പരിഗണിക്കാൻ മാറ്റി.


