ചായ കുടിച്ച് സ്വർണ അലിക്കത്ത് വരെ ഊരിനൽകി; തണലിന് 1.41 കോടി രൂപ നൽകി ‘ചായത്തണൽ’
text_fieldsചായത്തണലിൽ പങ്കെടുക്കാൻ എടച്ചേരി ‘തണലി’ൽ ഒഴുകിയെത്തിയവർ
വടകര: ജീവിതത്തിൽ തണൽ നഷ്ടമായ മനുഷ്യർക്ക് താങ്ങും തണലുമായ എടച്ചേരി ‘തണലി’ലേക്ക് കഴിഞ്ഞ രണ്ടുദിവസം ആളുകൾ ഒഴുകിയെത്തി. വെറുംകൈയോടെയല്ല, കൈനിറയെ പണവും മനംനിറയെ സ്നേഹവുമായാണ് അവരെത്തിയത്. അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ വരെ ഊരി നൽകിയപ്പോൾ രണ്ട് ദിവസത്തെ ‘ചായത്തണൽ’ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയത് 1.41 കോടി രൂപ!
അഗതികളെയും രോഗികളെയും സംരക്ഷിക്കുന്ന 'തണലി'ന്റെ ദൈനംദിന നടത്തിപ്പിന് സാമ്പത്തിക സഹായം തോടിയാണ് ചൊവ്വാഴ്ച 'ചായത്തണൽ' സംഘടിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും സ്ത്രീകളും കുട്ടികളും മുതിർന്നവരും സഹായവുമായി ഒഴുകിയെത്തി. നാല് സ്വർണ അലിക്കത്തുകൾ അടക്കം സംഭാവനയായി ലഭിച്ചു.
വരുന്നവർക്ക് ചായയും ചെറുകടിയും നൽകി, അവരുടെ സഹായം സ്വീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഏതാണ്ട് 5000 പേർ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, വൈകീട്ട് മൂന്നുമണിക്ക് തുടങ്ങിയ പരിപാടിക്ക് രാത്രി 10 വരെ 18,000ലേറെ പേർ എത്തിയതായി സംഘാടകർ പറഞ്ഞു. ചായക്കൊപ്പം നൽകാൻ 13000 പഴംപൊരിയാണ് തയാറാക്കിയത്. ജമീല ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴപൊരി ഉണ്ടാക്കിയത്. ആദ്യം 150 കിലോ പഴത്തിന് ഉണ്ടാക്കാനാണ് തയാറെടുപ്പ് നടത്തിയത്. എന്നാൽ, ഇത് കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും തീർന്നതോടെ വീണ്ടും വീണ്ടും പഴം വാങ്ങി. ഇത് മതിയാകാതെ വന്നതോടെ ഒടുവിൽ, കടകളിൽനിന്ന് സമൂസ, വട, ബിസ്‌കറ്റ്, കേക്ക്, പഴം തുടങ്ങിയവ വാങ്ങി നൽകി. പലർക്കും പലഹാരം കിട്ടിയില്ലെങ്കിലും സഹായത്തിന് യാതൊരു തടസ്സവും നേരിട്ടില്ല.
പ്രതിമാസം 25 ലക്ഷം രൂപയാണ് തണലിന്റെ ചെലവ്. ഇത് കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടതോടെയാണ് ചായപ്പയറ്റിന് ഇറങ്ങിയത്. ആദ്യദിവസം 57.42 ലക്ഷം രൂപ പണമായി ലഭിച്ചു. 84 ലക്ഷം രൂപ വാഗ്ദാനവും കിട്ടി. ബുധനാഴ്ചയും നിരവധി പേരെത്തി പണ നൽകി. ആകെ 1.41 കോടി രൂപയാണ് ലഭിച്ചത്.


