ഓണം വാരാഘോഷം: തിരുവനന്തപുരം നഗരത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsതിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ-അർധ സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധി.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേകോട്ടയിൽ സമാപിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യകലാകാരന് കൈമാറുന്നതോടെ ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.
ആയിരത്തോളം കലാകാരൻമാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങൾക്കൊപ്പം സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന 60ഓളം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ പങ്കെടുക്കും.
ഝാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗ്രാമീണ കലാകാരൻമാരുടെ 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കെടുക്കും.