ഇടുക്കിയിൽ രണ്ടാം ജലവൈദ്യുത നിലയത്തിന് അനുമതിക്കായി ഊർജിത ശ്രമം
text_fieldsഇടുക്കി ഡാം
തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ രണ്ടാം ജലവൈദ്യുത നിലയത്തിനുള്ള വിവിധ അനുമതികൾക്കായി കെ.എസ്.ഇ.ബി ശ്രമം ഊർജിതമാക്കി. സൗരോർജ മേഖല കുതിപ്പ് തുടരുമ്പോഴും ജല വൈദ്യുത ഉൽപാദനത്തിൽ കാര്യമായ മുന്നേറ്റം സാധ്യമാവുന്നില്ല. പാരിസ്ഥിതിക അനുമതികളടക്കം വിവിധ കടമ്പകളാണ് ഇതിന് കാരണമായി കെ.എസ്.ഇ.ബി വിശദീകരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ 800 മെഗാവാട്ടിന്റെ രണ്ടാം നിലയത്തിന്റെ അനുമതികൾ കാലതാമസം കൂടാതെ നേടിയെടുക്കാനുള്ള ശ്രമം. ഇടുക്കി എക്സ്റ്റൻഷൻ പദ്ധതി നടപ്പാക്കാനായാൽ പ്രതിവർഷം 1170 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ഉൽപാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കാനും അനുമതികൾ തേടാനുമായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ‘വാപ്കോസി’നെ ചുമതലപ്പെടുത്തിയിരുന്നു. 14 അനുമതികളാണ് ലഭിക്കേണ്ടത്. രണ്ട് അനുമതികൾ ലഭിച്ചെന്നും മറ്റുള്ളവക്ക് ശ്രമം നടത്തുകയാണെന്നും അധികൃതർ പറയുന്നു.
ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം നദികളിൽ വർഷം മുഴുവൻ പാരിസ്ഥിതിക നീരൊഴുക്ക് (ഇ-ഫ്ലോ) ഉറപ്പാക്കണം. ഇടുക്കി രണ്ടാം നിലയത്തിന് നദിയുടെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കണമെന്ന് കേന്ദ്ര വൈദ്യുത അതോറിറ്റിയും നിർദേശം നൽകിയിരുന്നു. ഇടുക്കി ഡാമിൽനിന്ന് പെരിയാർ നദിയിലേക്കുതന്നെ വെള്ളം തുറന്നുവിടാൻ സംവിധാനമില്ലാത്തതിനാൽ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്താനാവില്ലെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.
അതിനാൽ, ഈ വ്യവസ്ഥ ഒഴിവാക്കാൻ വനം പരിസ്ഥിതി കാലാവസ്ഥ നിയന്ത്രണ മന്ത്രാലയത്തിന്റെ ഇടപെടലിന് ശ്രമിക്കുന്നുണ്ട്. പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പാക്കിയ ശേഷമേ പദ്ധതിയുടെ സ്ഥാപിതശേഷി അംഗീകരിക്കുകയുള്ളൂ. പാരിസ്ഥിതിക അനുമതി ലഭിക്കാനുള്ള ടേംസ് ഓഫ് റഫറൻസ് കേന്ദ്ര വനം മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. അന്തിമ പാരിസ്ഥിതികാനുമതി ലഭ്യമാകുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തി കരട് തയാറാക്കിക്കഴിഞ്ഞു.
ജലാശയ ശേഷി, തുരങ്കങ്ങൾ നിർമിക്കുമ്പോൾ പഴയ തുരങ്കങ്ങൾക്കുള്ള ആഘാതം, ഭൂഗർഭ പാറകളുടെ ബലപരിശോധന, ഭൂകമ്പ സാധ്യത തുടങ്ങിയ പഠനങ്ങൾ നടത്താൻ കേന്ദ്ര വൈദ്യുതി അതോറിറ്റിയും ജലകമീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചുള്ള പഠനങ്ങൾ വേഗത്തിലാക്കും.


