Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൃദ്ധസദനത്തിൽ...

വൃദ്ധസദനത്തിൽ വയോധികക്ക് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി, അടിയേറ്റ് പല്ല് പോയി, വാരിയെല്ലിന് പൊട്ടൽ

text_fields
bookmark_border
വൃദ്ധസദനത്തിൽ വയോധികക്ക് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി, അടിയേറ്റ് പല്ല് പോയി, വാരിയെല്ലിന് പൊട്ടൽ
cancel

തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തിൽ വയോധികയായ താമസക്കാരിക്ക്​ ക്രൂരമർദനം. എരൂരിലെ ആർ.ജെ ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധ സദനത്തിനെതിരെയാണ്​ പരാതി. പീഡനങ്ങളെത്തുടർന്ന് മഞ്ഞുമ്മൽ കുടത്തറപ്പിള്ളിൽ പരേതനായ അയ്യപ്പന്‍റെ ഭാര്യ ശാന്തയെ (71) കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹിൽപാലസ് പൊലീസ്​ കേസെടുത്തു.

ഭർത്താവിന്‍റെ മരണശേഷം സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്ന ശാന്ത വീണതിനെത്തുടർന്ന് കാലിന് പരിക്കേറ്റ് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് ആശുപത്രിയിലെ ചികിത്സക്കുശേഷം മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക്​ മാറിയത്. കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ ശാന്തക്ക്​ മൂന്നാം ദിവസം മുതൽ പീഡനമായിരുന്നു. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലിൽനിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ബന്ധുക്കൾ കാണാനെത്തിയാൽ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് വൃദ്ധ സദനത്തിൽനിന്ന് കഴിഞ്ഞ മാസാവസാനം വിളിച്ചറിയിച്ചതോടെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ബന്ധുക്കൾ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്ത വെളിപ്പെടുത്തിയത്.

നാല് നഴ്സുമാരും ഒരു ഡോക്ടറും അന്തേവാസികളുടെ പരിചരണത്തിനുണ്ടെന്ന് കേട്ടറിഞ്ഞാണ് മഞ്ഞുമ്മലിൽനിന്ന് ഇവരെ എരൂരിലെത്തിച്ചത്. മാസം 24,000 രൂപയായിരുന്നു ഫീസ്. ആദ്യമാസം അഡ്വാൻസ് 1000 ഉൾപ്പെടെ 25000വും പിന്നീടുള്ള രണ്ട് മാസങ്ങളിൽ 24,000 വീതവും നൽകിയെന്നും സഹോദരി സുലോചന പറഞ്ഞു. വാതിലടച്ചായിരുന്നു മർദനം. മുഖത്ത്​ അടിയേറ്റ്​ ഒരു പല്ല് നഷ്ടപ്പെട്ടു. കാലിനുണ്ടായിരുന്ന ബുദ്ധിമുട്ടൊഴിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്ന സഹോദരിക്ക് ഇപ്പോൾ തീരെ വയ്യാത്ത അവസ്ഥയിലായെന്നും സുലോചന പറഞ്ഞു.

അതേസമയം, അവശനിലയിലായിരുന്ന ശാന്തയെ സ്ഥാപനത്തിൽനിന്ന് മാറ്റാൻ ഒന്നര മാസത്തോളമായി ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കൃത്യമായി പണം നൽകിയില്ലെന്നും ആർ.ജെ. ചാരിറ്റബിൾ ട്രസ്റ്റ് നടത്തിപ്പുകാരൻ ആകാശ് പറഞ്ഞു. മറ്റൊരു സ്ഥലം ലഭിക്കുന്നതുവരെ സ്ഥാപനത്തിൽ നിർത്താനാണ്​ ബന്ധുക്കൾ ആവശ്യപ്പെട്ടത്​. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ശാന്തയെ മാറ്റിയതെന്നും മർദിച്ചെന്ന പരാതി വ്യാജമാണെന്നും ആകാശ്​ അറിയിച്ചു.

Show Full Article
TAGS:old age home brutally beaten elderly woman 
News Summary - Elderly woman brutally beaten in old age home at thripunithura
Next Story