തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഫലം പ്രഖ്യാപിക്കും മുമ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകി
text_fieldsതിരൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പേ പ്രതിഫലം വിതരണംചെയ്ത് തെരഞ്ഞെടുപ്പ് കമീഷൻ. പരിശീലനക്ലാസിന്റെയും പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ദിവസത്തിന്റെയും തെരഞ്ഞെടുപ്പ് ദിനത്തിന്റെയും പ്രതിഫലത്തുകയാണ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തത്.
തെരഞ്ഞെടുപ്പ് ദിവസം വൈകീട്ട് വരെ റിസർവ് ഡ്യൂട്ടിയിലുള്ളവർക്കും മുഴുവൻ തുകയും പ്രതിഫലമായി നൽകി. പോളിങ് ബൂത്തിൽ പ്രധാന ഡ്യൂട്ടി നിർവഹിച്ച പ്രിസൈഡിങ് ഓഫിസർമാർക്ക് പരിശീലനത്തിന് പങ്കെടുത്ത വകയിൽ 900 രൂപ, പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ദിവസത്തെ വേതനം 1200 രൂപ, തെരഞ്ഞെടുപ്പ് ദിനത്തിലെ വേതനം 1450 രൂപയും ടെലിഫോൺ അലവൻസായി 50 രൂപയും ഉൾപ്പെടെ 3600 രൂപയാണ് അക്കൗണ്ട് വഴി വിതരണം ചെയ്തത്.
ഫസ്റ്റ് പോളിങ് ഓഫിസറായി ജോലി ചെയ്തവർക്ക് പരിശീലനദിവസത്തെ വേതനമായി 750 രൂപയും പോളിങ് സാധനങ്ങൾ ഏറ്റുവാങ്ങിയ ദിവസത്തെ വേതനമായി 1000 രൂപയും തെരഞ്ഞെടുപ്പ് ദിനത്തിലെ വേതനമായ 1250 രൂപയുൾപ്പെടെ 3000 രൂപയാണ് നൽകിയത്.
സെക്കൻഡ്, പോളിങ് ഓഫിസർമാർക്ക് പോളിങ് സാധനങ്ങൾ ഏറ്റുവാങ്ങിയ ദിവസത്തെ വേതനമായി 1000 രൂപയും തെരഞ്ഞെടുപ്പ് ദിനത്തിലെ വേതനമായി 1250 രൂപയും ഉൾപ്പെടെ 2250 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസും ഉണ്ടായിരുന്നില്ല. പരിശീലന ദിവസത്തിലെയും തെരഞ്ഞെടുപ്പ് ദിനത്തിലെയും ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഇ-ഡ്രോപ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.


