തുടക്കം ചോയിമഠം വാർഡിൽനിന്ന്; തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെച്ച് നജീബ് കാന്തപുരം എം.എൽ.എ
text_fieldsഎകരൂൽ: 15 വർഷം മുമ്പത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഓർമകൾ പങ്കുവെക്കാനുണ്ട് നജീബ് കാന്തപുരം എം.എൽ.എക്ക്. ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാർഡ് മുതൽ പെരിന്തൽമണ്ണ അസംബ്ലി മണ്ഡലം വരെ നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഓർമകളാണ് 50കാരനായ നജീബ് കാന്തപുരത്തിന് പറയാനുള്ളത്.
1996 മുതൽ ചന്ദ്രിക ദിനപത്രത്തിൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്ററായിരുന്നു. അക്കാലത്താണ് ഉണ്ണികുളം പഞ്ചായത്തിലെ പത്താം വാർഡിൽ മത്സരിക്കാൻ തന്നെ മുസ്‍ലിം ലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി നിയോഗിക്കുന്നത്. 2010ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നി മത്സരത്തിൽ 917 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് അന്നത്തെ എതിർസ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫിലെ പരേതനായ കെ.പി. മുഹമ്മദ് മാസ്റ്ററെ പരാജയപ്പെടുത്തിയത്.
വാർഡ് മെംബറായ കാലത്ത് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഹരിതഗ്രാമം പദ്ധതി എന്ന പേരിൽ വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി നടത്താൻ സംവിധാനം ഒരുക്കിയിരുന്നു. പിന്നീട് 2015ലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കട്ടിപ്പാറ ഡിവിഷനിൽനിന്ന് 5640 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽനിന്ന് 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറി.
എം.എസ്.എഫിന്റെ കാന്തപുരം ശാഖ കമ്മിറ്റി മുതൽ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പദവി വരെ പ്രവർത്തിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിൽ സിവിൽ സർവിസ് രംഗത്തേക്ക് കൂടുതൽ പേരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ആദ്യ സൗജന്യ സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിന് തുടക്കം കുറിച്ചു.
വാർഡ് മെംബറായി അഞ്ചുവർഷവും ജില്ല പഞ്ചായത്ത് അംഗമായി അഞ്ചുവർഷവും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ ലഭിച്ച അനുഭവപാഠങ്ങളാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന് വഴിത്തിരിവായതെന്ന് നജീബ് കാന്തപുരം പറയുന്നു. കാന്തപുരം പാണ്ടിക്കടവ് വീട്ടിൽ പരേതനായ ടി.വി. മുഹമ്മദ് മാസ്റ്ററുടെയും ഖദീജയുടെയും മകനാണ് നജീബ്.


