വൈദ്യുതി അപകടങ്ങൾ: പരിഹാരത്തിന് ഊർജിത ശ്രമം
text_fieldsതിരുവനന്തപുരം: വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടിക്ക് സർക്കാർ ശ്രമം. ഒരാഴ്ചക്കിടെ നാലുപേർ മരിച്ചത് ഗൗരവത്തോടെ കാണുന്ന ഊർജ വകുപ്പ് കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ഇ.ബിയിലെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെങ്കിലും പൊതുഅവധി പ്രഖ്യാപിച്ചതോടെ മാറ്റുകയായിരുന്നു. യോഗം മറ്റൊരു ദിവസം നടക്കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈയാഴ്ച തന്നെ യോഗം ചേർന്നേക്കുമെന്നാണ് സൂചന. അപകടങ്ങൾ കുറക്കാൻ സ്വീകരിക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്ക് രൂപംനൽകുകയാണ് ലക്ഷ്യം.
തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് അടിയന്തര സുരക്ഷ ക്രമീകരണങ്ങൾക്ക് വൈദ്യുതി മന്ത്രി കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അടുത്തടുത്ത ദിവസങ്ങളിലായി മൂന്നുപേർ കൂടി ലൈനിൽനിന്ന് ഷോക്കേറ്റ് മരിക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് കെ.എസ്.ഇ.ബിക്കും ഊർജ വകുപ്പിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെയാണ് പ്രശ്നപരിഹാരത്തിനായി കൂടുതൽ ഇടപെടലിന് സർക്കാർ നടപടി തുടങ്ങിയത്.
പരമ്പരാഗത രീതിയിൽ പോസ്റ്റും ലൈനും സ്ഥാപിച്ചുള്ള നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തിൽ ഇത്തരം അപകടങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലാണ് കെ.എസ്.ഇ.ബിക്കുള്ളത്. അതേസമയം, ലൈൻ പൊട്ടി വീണാലും ഷോക്കേൽക്കാത്ത കേബിൾ അധിഷ്ഠിത വൈദ്യുതി വിതരണം കെ.എസ്.ഇ.ബി ചെറിയതോതിൽ നടത്തുന്നുണ്ടെങ്കിലും ഇത് വ്യാപകമാക്കൽ വലിയ സാമ്പത്തിക ബാധ്യതയാണ്. അതിന് സർക്കാർ തയാറായാൽ മറ്റു തടസ്സങ്ങളില്ലെന്നും കെ.എസ്.ഇ.ബി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.