വൈദ്യുതി ചാർജ്; ബി.പി.എൽ ആനുകൂല്യം കിട്ടാക്കനി
text_fieldsപാലക്കാട്: ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ലെന്ന് മന്ത്രിയും റെഗുലേറ്ററി കമീഷനും ആവർത്തിക്കുമ്പോഴും ആനുകൂല്യം പറ്റുന്നവർ ചുരുക്കം.
ആകെ 32,000 കണക്ഷനുകൾക്ക് ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ആനുകൂല്യം കൈപ്പറ്റുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണെന്ന് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു.
കെ.എസ്.ഇ.ബി ലിസ്റ്റിലുള്ളവരുടെ പ്രതിമാസ ഉപഭോഗം 40 യൂനിറ്റിൽ താഴെ വരുന്ന അവസരങ്ങളിൽ മാത്രമാണ് ആനുകൂല്യം ലഭ്യമാകുക. അത് കണക്കിലെടുത്താൽ കുറച്ചുപേർക്കു മാത്രമാണ് ലഭിക്കുന്നത്.
എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു?
ബി.പി.എൽ കുടുംബങ്ങളുടെ വിശദാംശങ്ങൾ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിക്കാത്തതാണ് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമായി റെഗുലേറ്ററി കമീഷനു മുന്നിൽ പലരും ചൂണ്ടിക്കാണിച്ചത്. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് ഒരു പരാമർശവും താരിഫ് ഉത്തരവിലില്ല. കൂടാതെ, ആനുകൂല്യത്തിന്റെ പരിധി പ്രതിമാസം 40 യൂനിറ്റ് വരെയെന്നത് വളരെ കുറവാണെന്നും 100 യൂനിറ്റ് വരെയെങ്കിലും ആക്കണമെന്ന ആവശ്യവും റെഗുലേറ്ററി കമീഷന് മുന്നിലുയർന്നു.
തമിഴ്നാട്ടിൽ മുഴുവൻ ഗാർഹിക കണക്ഷനുകൾക്കും ആദ്യ 100 യൂനിറ്റ് സൗജന്യമാണ്. 100 യൂനിറ്റിൽ കൂടുതൽ ഉപഭോഗം വന്നാൽ കൂടുതലുള്ള യൂനിറ്റുകൾക്കു മാത്രം ചാർജടച്ചാൽ മതി. എന്നാൽ, കേരളത്തിൽ ദാരിദ്ര്യരേഖക്കു താഴെയുള്ളവർക്കുപോലും ഇത്തരത്തിൽ ആനുകൂല്യം നൽകാൻ കെ.എസ്.ഇ.ബി തയാറല്ല. അർബുദരോഗികൾ അല്ലെങ്കിൽ ഭിന്നശേഷിക്കാരായ അംഗങ്ങൾക്കുള്ള ആനുകൂല്യം ലഭിക്കാനുള്ള കണക്റ്റഡ് ലോഡിലെ പരിധി 1000 വാട്ട്സിൽനിന്ന് 2000 വാട്ട്സ് ആക്കിയതു മാത്രമാണ് റെഗുലേറ്ററി കമീഷൻ വരുത്തിയ മാറ്റം.
എന്നാൽ, ഈ ആനുകൂല്യം നിലവിൽ എത്രപേർക്ക് ലഭിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി പെറ്റീഷനിലോ റെഗുലേറ്ററി കമീഷൻ ഉത്തരവുകളിലോ ഇല്ല. വൈകല്യം എത്ര ശതമാനം വേണം, ബി.പി.എൽ ആണെന്ന് തെളിയിക്കാനുള്ള രേഖ ഏതാണ് തുടങ്ങിയ കാര്യങ്ങളിൽ റെഗുലേറ്ററി കമീഷൻ വ്യക്തത വരുത്താത്തതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ഈ ആനുകൂല്യവും അകലെയാണ്.
ആനുകൂല്യം ഇങ്ങനെ
സർക്കാർ കണക്കുപ്രകാരം ജനസംഖ്യയുടെ 12 ശതമാനത്തിൽ താഴെ ദരിദ്രരുണ്ടെന്നാണ് വിലയിരുത്തൽ. ഒരു കോടിയിൽ കൂടുതൽ ഗാർഹിക കണക്ഷനുകളുള്ള കേരളത്തിൽ കുറഞ്ഞത് 12 ലക്ഷം കണക്ഷനുകളെങ്കിലും ബി.പി.എൽ വിഭാഗത്തിൽ വരണം. പ്രതിമാസം 40 യൂനിറ്റിൽ താഴെ ഉപഭോഗമുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് യൂനിറ്റിന് 1.50 രൂപ നിരക്കിലും അർബുദരോഗികളും ഭിന്നശേഷിക്കാരുമുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് 100 യൂനിറ്റ് വരെ യൂനിറ്റിന് 1.50 രൂപ നിരക്കിലുമാണ് ആനുകൂല്യം ലഭിക്കേണ്ടത്.
ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചാൽ സാധാരണ ബി.പി.എൽ കുടുംബത്തിന് ദ്വൈമാസ ബില്ലിൽ 200 രൂപയോളവും അർബുദരോഗികളുള്ള കുടുംബത്തിന് 400 രൂപയോളവുമാണ് ബില്ലിൽ കുറവ് വരേണ്ടത്.