പദ്ധതികൾ അവതാളത്തിലായത് വീഴ്ച; നഷ്ടമാകുന്നത് 754 മെഗാവാട്ട് വൈദ്യുതി, പ്രതിസന്ധി സർക്കാർ വരുത്തിവെച്ചത്
text_fieldsകൊച്ചി: വൈദ്യുതി പദ്ധതികൾ സമയബന്ധിതമായി കമീഷൻ ചെയ്യുന്നതിൽ സർക്കാറിന് ഗുരുതര വീഴ്ച. സംസ്ഥാനത്തെ രൂക്ഷമായ ഊർജ പ്രതിസന്ധിയിലാക്കിയത് ഇതാണെന്ന് വിലയിരുത്തൽ. പദ്ധതികൾ പൂർത്തിയാക്കാത്തത് സംബന്ധിച്ച വൈദ്യുതി ബോർഡിന്റെ അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. നഷ്ടം ചൂണ്ടിക്കാട്ടി അടുത്തനാളിൽ നിരക്കുവർധനയും സെസുമാവശ്യപ്പെട്ട് സമീപിച്ചപ്പോൾ റെഗുലേറ്ററി കമീഷൻ ഈ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയിരുന്നു.
കൊടുംചൂടിൽ ഉപഭോഗം കുതിച്ചുയർന്ന സാഹചര്യത്തിൽ വൈദ്യുതി പുറമെ നിന്ന് വാങ്ങുന്നത് വർധിപ്പിച്ചിട്ടും പിടിച്ചുനിൽക്കാനാകാതെ വിഷമിക്കുകയാണ് ബോർഡ്. ഇപ്പോഴത്തെ ഉപഭോഗം150 മെഗാവാട്ട് വരെ പീക്ക് അവറിൽ കുറയണമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനത്തെ ആകെ ആഭ്യന്തര ഉൽപാദനം 2916. 39 മെഗാവാട്ട് മാത്രമായിരിക്കുന്നതാണ് ഗുരുതര പ്രതിസന്ധി. അതേസമയം, 754 മെഗാവാട്ട് പദ്ധതികളാണ് കമീഷൻ ചെയ്യേണ്ട കാലം അതിക്രമിച്ചിട്ടും പണി നിലച്ചുകിടക്കുകയോ ഇഴയുകയോ ചെയ്യുന്നത്. 128 ജലവൈദ്യുതി പദ്ധതികളാണ് ഇത്തരത്തിലുള്ളത്. കമീഷൻ ചെയ്യേണ്ടിയിരുന്ന കാലം കഴിഞ്ഞ് 14 വർഷം വരെയായിട്ടും ഉൽപാദനം തുടങ്ങാനാകാത്ത പദ്ധതികൾ വരെയുണ്ട്. നിലവിലുള്ള ജലവൈദ്യുതി പദ്ധതികളിൽനിന്ന് അധികജലം ഉപയോഗിച്ച് ഉൽപാദനം ലക്ഷ്യമിട്ടവയാണ് ഇതിലധികവും. പദ്ധതി രൂപരേഖകളിലെ അപാകത, സ്ഥലമേറ്റെടുക്കലിലെ കാലതാമസം, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി തുടങ്ങിയ കാരണങ്ങളാലാണ് പദ്ധതികൾ അവതാളത്തിലായത്.
യൂനിറ്റ് ഒന്നിന് പരമാവധി രണ്ട് രൂപയിൽ താഴെ മാത്രം ചെലവിൽ ലഭ്യമാകുന്ന വൈദ്യുതിയാണ് 754 മെഗാവാട്ടും. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിന് നിലവിൽ യൂനിറ്റിന് എട്ട് മുതൽ 12 രൂപ വരെ നിരക്കിലാണ് പുറമെനിന്ന് വാങ്ങുന്നത്. ദീർഘകാല കരാറുകൾ പ്രകാരം വാങ്ങുന്നത് നാലു മുതൽ ആറു രൂപ വരെ നൽകിയും. അമിതവിലക്ക് വാങ്ങുന്നതിന്റെ മുഴുവൻ ഭാരവും വഹിക്കുന്നത് ഉപഭോക്താക്കളാണ്. പുറം വൈദ്യുതിക്ക് യൂനിറ്റിന് 10 മുതൽ 19 പൈസ വരെ സെസും ഈടാക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ പരമാവധി 20 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ആഭ്യന്തര ഉൽപാദനം. 114 ദശലക്ഷം യൂനിറ്റാണ് വ്യാഴാഴ്ചത്തെ ആകെ ഉപഭോഗം. ഇതിൽ 92 ദശലക്ഷം യൂനിറ്റും പുറമെ നിന്നുള്ളതാണ്.
പള്ളിവാസൽ (60 മെഗാവാട്ട്), തൊട്ടിയാർ, പാമ്പാർ, മാങ്കുളം (40 മെഗാവാട്ട് വീതം), കക്കാടംപൊയിൽ (20 മെഗാവാട്ട്), അച്ചൻകോവിൽ (30 മെഗാവാട്ട്), ചെങ്കുളം, മേലെ ചെങ്കുളം, ഭൂതത്താൻകെട്ട്, വക്കലാരു, പെരിങ്ങൽക്കുത്ത്, ഭൂതത്താൻകെട്ട്, ചിന്നാർ (24 മെഗാവാട്ട് വീതം) കരിക്കയം, കീഴാർകുത്ത് (15 മെഗാവാട്ട് വീതം) തുടങ്ങിയവയാണ് മുടങ്ങിക്കിടക്കുന്ന പ്രധാന പദ്ധതികൾ. ഇതിൽ പള്ളിവാസൽ എക്സ്റ്റൻഷൻ നാലുവർഷംകൊണ്ട് കമീഷൻ ചെയ്യാൻ ചെയ്യാനുദ്ദേശിച്ച് 2006ൽ കല്ലിട്ടതാണ്. മാങ്കുളം, തൊട്ടിയാർ, പാമ്പാർ എന്നിവയും ഒരു പതിറ്റാണ്ടിലേറെയായി ഇഴയുന്നു.