വൈദ്യുതി നിരക്ക് പകൽ കുറയും, രാത്രി കൂടും; നിരക്ക് പരിഷ്കരണത്തിനുള്ള കരട് പുറത്തിറക്കി വൈദ്യുതി റഗുലേറ്ററി കമീഷൻ
text_fieldsതിരുവനന്തപുരം: പകൽ സമയ ഉപയോഗത്തിന് കുറഞ്ഞ വൈദ്യുതി നിരക്കും രാത്രികാല (പീക്ക് സമയം) ഉപയോഗത്തിന് കൂടുതൽ നിരക്കും ഈടാക്കാൻ നിർദേശിക്കുന്ന കരട് മാർഗനിർദേശം വൈദ്യുതി റഗുലേറ്ററി കമീഷൻ പുറത്തിറക്കി. ടി.ഒ.ഡി (ടൈം ഓഫ് ഡേ) മീറ്റർ സ്ഥാപിച്ചവർക്കാകും ഈ രീതി. സ്മാർട്ട് മീറ്റർ വ്യാപകമാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കെ, ഭാവിയിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ഈ രീതി ബാധകമാകും. ഇതടക്കം നിർദേശങ്ങൾ ഉൾപ്പെടുന്ന അടുത്ത അഞ്ച് വർഷത്തേക്കുള്ള നിരക്ക് പരിഷ്കരണ കരട് മാർഗരേഖയാണ് പുറത്തിറക്കിയത്.
റഗുലേറ്ററി കമീഷൻ വിശദമായ തെളിവെടുപ്പിന് ശേഷമാകും വ്യവസ്ഥകൾ അന്തിമമാക്കുക. അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണം. നിലവിൽ വൈദ്യുതി നിരക്ക് വർധന വഴി ഈടാക്കാൻ കഴിയാത്ത അംഗീകൃത നഷ്ടം വരുംവർഷങ്ങളിൽ പിരിച്ചെടുക്കണമെന്ന നിർദേശവും കമീഷൻ മുന്നോട്ടുവെച്ചു. യൂനിറ്റിന് ഒരുരൂപ വരെ വർധനക്ക് വഴിയൊരുക്കുന്നതാണ് ഈ നിർദേശം. നിലവിൽ റഗുലേറ്ററി അസറ്റ് എന്ന നിലയിലാണ് ഇത് പരിഗണിച്ചത്. ഇത്തരം തുക 2031 മാർച്ചിനകം ഈടാക്കാൻ കോടതി വിധിയുണ്ടെന്നാണ് പറയുന്നത്. അപ്പലേറ്റ് അതോറിറ്റിയും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. 2027നും 2031നും ഇടയിൽ പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജിൽ വീണ്ടും വർധനക്ക് കളമൊരുങ്ങുന്ന നിർദേശവും ഇതിലുണ്ട്. ഫിക്സഡ് ചാർജ് കണക്റ്റഡ് ലോഡിന്റെയോ ഉയർന്ന വൈദ്യുതി ആവശ്യത്തിന്റെയോ അടിസ്ഥാനത്തിൽ നിശ്ചിയിക്കാമെന്നാണ് നിദേശം. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവനുസരിച്ചാണ് നിലവിൽ ഫിക്സഡ് ചാർജ് നിശ്ചയിക്കുന്നത്. ഇതിൽ ഓരോ വർഷവും കമീഷൻ വർധന വരുത്തുന്നുന്നുണ്ട്. പുതിയ രീതിയിൽ ഒരു കിലോ വാട്ടിന് നിശ്ചിത നിരക്ക് എന്ന നിലയിലേക്ക് ഫിക്സഡ് ചാർജ് മാറും. ഇത് ഉഭോക്താക്കൾക്ക് അധിക ഭാരമുണ്ടാക്കും.
ജല-താപ വൈദ്യുതി നിലയങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാർജ് നിർണയിക്കാനുള്ള മാനദണ്ഡവും പുതുക്കുന്നുണ്ട്. ബാറ്ററി സ്റ്റോറേജ് സംവിധാനം, സൗരോർജം എന്നിവയിലും ഫിക്സഡ് ചാർജ് മാനദണ്ഡം വരും. സ്വാഭാവികമായും ഇത് ഉപഭോക്താക്കളുടെ ബില്ലിൽ പ്രതിഫലിക്കും. ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ വ്യവസായങ്ങൾക്ക് പവർ ഫാക്ടറിന്‍റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ബില്ലിങ് നൽകുന്നത് ഏകീകരിക്കും. ഇന്ധന സർചാർജ് മാസംതോറും ഈടാക്കുന്നത് തുടരും. ഒരുമാസത്തെ അധിക ബാധ്യത അടുത്ത മാസംതന്നെ ഈടാക്കും. എന്നാൽ, കണക്കുകൾ പിന്നീട് റഗുലേറ്ററി കമീഷൻ അംഗീകരിച്ചാൽ മതി. മാസം 40 യൂനിറ്റ് വരെ ഉയോഗിക്കുന്നവരെ ഒഴിവാക്കും.
സ്വന്തം ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിച്ച സൗര ഉപഭോക്താക്കൾക്ക് രാത്രി (പീക്ക്) സമയത്തെ നിരക്ക് ഇളവ് പരിഗണിക്കും. സൗരോർജ വൈദ്യുതി രാത്രിയിലും ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) സംവിധാനം കാര്യക്ഷമമാക്കണം. ജല പദ്ധതികളിൽ ഉപയോഗിച്ച വെള്ളം വീണ്ടും സംഭരണികളിലെത്തിച്ച് ഉൽപാദനം നടത്താൻ കഴിയുന്ന പമ്പ്ഡ് സ്റ്റോറേജ് സംവിധാനത്തിനും നിർദേശമുണ്ട്.
2021ലെ താരിഫ് ചട്ടങ്ങളുടെ കാലാവധി 2027 ഏപ്രിലിൽ അവസാനിക്കുന്ന സാഹച്യത്തിലാണ് പുതിയ കരട് പുറത്തിറക്കിയത്. വൈദ്യുതി വാങ്ങൽ ചെലവ് കുറക്കാനും സംഭരണം കര്യക്ഷമമാക്കാനും ഉൽപാദന-വിതരണ രംഗം ശക്തിപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കാനും സേവന നിലവാരം മെചപ്പെടുത്താനും നിർദേശങ്ങൾ കരടിലുണ്ട്. കരടിൽ അഭിപ്രായവും നിർദേശവും സെപ്റ്റംബർ 18നകം കമീഷനെ അറിയിക്കണം. കമീഷൻ അംഗീകരിക്കുന്ന അന്തിമ ചട്ട പ്രകാരമാണ് കെ.എസ്.ഇ.ബി നിരക്ക് പരിഷ്കരണ നിർദേശം സമർപ്പിക്കുക.


