വൈദ്യുതി വിതരണം; കേരളത്തിന് പവർ ഫിനാൻസ് കോർപറേഷന്റെ എ ഗ്രേഡ്
text_fieldsപാലക്കാട്: കേരളത്തിലെ വൈദ്യുതി വിതരണച്ചുമതലയുള്ള കെ.എസ്.ഇ.ബി ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഏജൻസികളിലൊന്നാണെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷന്റെ 2023-24 ലെ റിപ്പോർട്ട്.
രാജ്യത്തെ 107 പവർ യൂട്ടിലിറ്റികളുടെ (ഡിസ്ട്രിബ്യൂഷൻ, ജനറേഷൻ, ട്രാൻസ്മിഷൻ, ട്രേഡിങ്) 2023-24 ലെ പ്രകടനം വിലയിരുത്തി 2025 ഒക്ടോബറിലാണ് കേരളത്തിന് എ ഗ്രേഡ് നൽകിയ റിപ്പോർട്ട് പുറത്തുവിട്ടത്. ദേശീയ ശരാശരിയെ അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് കുറഞ്ഞ നഷ്ടം, ഉയർന്ന പിരിവ് കാര്യക്ഷമത, കുറഞ്ഞ കുടിശ്ശിക, സബ്സിഡി ലഭ്യത എന്നിവയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉൽപാദന-വിതരണ അനുപാതത്തിൽ കുറവ് വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് ചെലവുകളും കുറക്കാനായി.
35694 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ ആസ്തി. വൈദ്യുതി വിൽപന വരുമാനം 20,056 കോടി. 22,570 കോടി രൂപയാണ് 2023-24ലെ മൊത്തം വരുമാനം. സബ്സിഡി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 79 കോടി രൂപ ലാഭത്തിലാണ് കെ.എസ്.ഇ.ബി. ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ചെലവ് 7.77 രൂപയാണ് കെ.എസ്.ഇ.ബിക്കെങ്കിൽ ദേശീയ ശരാശരി 7.09 രൂപയാണ്. വൈദ്യുതി തുക കൃത്യമായി പിരിക്കുന്ന ശേഷി കേരളത്തിൽ 98.36 ശതമാനമെങ്കിൽ ദേശീയ ശരാശരി 96.51 ശതമാനവും.
ശമ്പളച്ചെലവ് ഇരട്ടിയിലേറെ
പാലക്കാട്: രാജ്യത്തെ പൊതുമേഖല-സ്വകാര്യ വൈദ്യുതി വിതരണ ഏജൻസികൾക്ക് ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ചെലവാകുന്ന ജീവനക്കാരുടെ ശമ്പള/പെൻഷൻ ചെലവ് യൂനിറ്റിന് 54 പൈസയാണെങ്കിൽ കേരളത്തിൽ 1.20 രൂപ. പവർ ഫിനാൻസ് കോർപറേഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ സ്വകാര്യ- പൊതു വൈദ്യുതി വിതരണ ഏജൻസികളുടെ ആകെ ചെലവ് കണക്കാക്കിയാൽ 10,65,240 കോടി രൂപയാണ്. ഇതിൽ ജീവനക്കാർക്ക് ശമ്പള, പെൻഷൻ ഇനത്തിലെ ചെലവ് 81,339 കോടി രൂപ. അതായത് ആകെ ചെലവിന്റെ 7.64 ശതമാനം.
എന്നാൽ, രാജ്യത്തെ മൊത്തം പൊതുമേഖലയിലെ വൈദ്യുതി വിതരണ ഏജൻസികൾ ജീവനക്കാരുടെ ശമ്പള, പെൻഷൻ ഇനത്തിൽ ഇതേവർഷം 76836 കോടി രൂപ ചെലവിട്ടു. ആകെ ചെലവിന്റെ 7.63 ശതമാനമാണിത്. എന്നാൽ, കെ.എസ്.ഇ.ബിയിൽ 3948 കോടിയാണ് ഈയിനത്തിൽ വരുന്നത്. ആകെ ചെലവിന്റെ 17.54 ശതമാനവും ജീവനക്കാരുടെ ശമ്പള,പെൻഷൻ ഇനത്തിലേക്ക് മാറ്റിവെക്കപ്പെടുന്നു. സ്വകാര്യ മേഖലയിൽ ഈ ചെലവിടൽ 7.74 ശതമാനം മാത്രമാണ്.


