ഇലക്ട്രിസിറ്റി വർക്കർ നിയമനം: സർക്കാർ നിർദേശം അവഗണിച്ചു; ശാരീരിക യോഗ്യത കെ.എസ്.ഇ.ബി ഒഴിവാക്കി
text_fieldsപാലക്കാട്: ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് യോഗ്യത എസ്.എസ്.എൽ.സിയാക്കി ഉയർത്തുന്നതോടൊപ്പം വൈദ്യുതി തൂണിൽ കയറാൻ സർക്കാർ നിർദേശിച്ച ശാരീരികയോഗ്യത കെ.എസ്.ഇ.ബി ഒഴിവാക്കി. വർക്കറാകാനുള്ള സർക്കാർ മാനദണ്ഡങ്ങളിൽ എസ്.എസ്.എൽ.സി വിജയം, രണ്ടു വർഷ ഐ.ടി.ഐ, ട്രേഡ് സർട്ടിഫിക്കറ്റ്, വൈദ്യുതിതൂണിൽ കയറാനുള്ള കഴിവ്, ഇരുചക്രവാഹന ലൈസൻസ് ഉൾപ്പെടെ ഉണ്ടായിരുന്നു.
എന്നാൽ, തൂണിൽ കയറാനുള്ള ശാരീരികയോഗ്യത ഒഴിവാക്കിയാണ് ബോർഡ് ഉത്തരവ് ഇറക്കിയത്. അംഗപരിമിതർ യോഗ്യരല്ലെന്ന് സർക്കാർ നിർദേശത്തിൽ ഉണ്ടായിരുന്നെങ്കിലും സർക്കാറിന്റെ പ്രത്യേക ഉത്തരവുപ്രകാരം യോഗ്യതയുള്ള അംഗപരിമിതരെ പരിഗണിക്കാമെന്ന് ബോർഡ് ഉത്തരവിലുണ്ട്. സ്പെഷൽ റൂൾസിൽ കെ.എസ്.ഇ.ബി നൽകിയ യോഗ്യത നിർദേശം പരിഗണിച്ച് സർക്കാർ നിർദേശിച്ചവയാണ് കെ.എസ്.ഇ.ബി അവഗണിച്ചത്.
ഇനി ഈ ബോർഡ് യോഗ്യത നിർദേശ ഉത്തരവ് ഉൾപ്പെടെ പി.എസ്.സി അംഗീകരിച്ചാണ് നിയമനം നടത്താനുമാകുക. 1998ലെ ഉത്തരവുപ്രകാരം എട്ടാം ക്ലാസ് വിജയിക്കാത്ത പുരുഷന്മാർക്കു മാത്രമേ ഇലക്ട്രിസിറ്റി വർക്കറായി പി.എസ്.സി വഴി നിയമനം കിട്ടുമായിരുന്നുള്ളൂ. ഈ ഉത്തരവാണ് സി.ഇ.എ റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഭേദഗതി ചെയ്തിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് വനിതകൾക്കും ഇലക്ട്രിസിറ്റി ബോർഡിൽ വർക്കറായി പി.എസ്.സി നിയമനം നേടാം. കരാർ നിയമനങ്ങൾക്കുള്ള ദിവസവേതനം 750 രൂപയിൽനിന്ന് 950 രൂപയാക്കി ഉയർത്തിയതോടെ ധാരാളം പേർ സെക്ഷൻ ഓഫിസുകളിൽ കരാറിൽ ജോലി ചെയ്തുവരുന്നുണ്ട്. കെ.എസ്.ഇ.ബിയിൽനിന്ന് വിരമിച്ചവരും ഐ.ടി.ഐ യോഗ്യത നേടിയവരും ഇവരിലുണ്ട്.
നവംബർ 30ന് ഇവരുടെ കാലാവധി തീരുന്നതോടെ ഐ.ടി.ഐ യോഗ്യത ഇല്ലാതെ വിരമിച്ചവർക്കുള്ള പുനർനിയമനം ഇല്ലാതാകും. കൂടുതൽ ഐ.ടി.ഐ യോഗ്യതയുള്ളവർ സെക്ഷൻ ഓഫിസുകളിലെത്തും. കെ.എസ്.ഇ.ബിയുടെ യോഗ്യത നിർദേശം പി.എസ്.സി അംഗീകരിച്ച ശേഷമാണ് പുതുനിയമനങ്ങൾക്ക് യോഗ്യതമാറ്റം ഉണ്ടാവുക. അതുവരെ കരാർ നിയമനം തുടരാനുള്ള നടപടികളിലാണ് കെ.എസ്.ഇ.ബി.


