കരുവാരകുണ്ടിൽ ആനക്കലി; റോഡിലിറങ്ങി വാഹനങ്ങൾ ആക്രമിച്ചു
text_fieldsനിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ ആനക്കൂട്ടം വാഹനങ്ങൾ ആക്രമിക്കുന്നു
തുവ്വൂർ: കാടിറങ്ങിയ ആനക്കൂട്ടം കരുവാരകുണ്ട്-മേലാറ്റൂർ റോഡിൽ വാഹനങ്ങൾക്കുനേരെ ആക്രമണം നടത്തി. കെട്ടിടങ്ങൾക്കും കൃഷിക്കും നാശം വരുത്തി. അഞ്ചു മണിക്കൂറോളം ജനവാസമേഖലകളിൽ ഭീതിപരത്തിയശേഷമാണ് കൊമ്പനടങ്ങുന്ന മൂന്ന് ആനകൾ കാടുകയറിയത്.
ശനിയാഴ്ച പുലർച്ച ആറോടെ അക്കരക്കുളത്ത് ടാപ്പിങ് തൊഴിലാളികളാണ് ആനകളെ കണ്ടത്. അവിടെനിന്ന് പള്ളിപ്പറമ്പിലും മുണ്ടേരിനഗർ വഴി പായിപ്പുല്ലിലുമെത്തി. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയും ഒലിപ്പുഴയും മുറിച്ചുകടന്ന് അക്കരപ്പുറം, ആലത്തൂർ വഴി ആനകൾ ഇരിങ്ങാട്ടിരിയിലെത്തി. ഇവിടെവെച്ച് കരുവാരകുണ്ട്-മേലാറ്റൂർ റോഡ് മുറിച്ചുകടക്കവെയാണ് വാഹനങ്ങൾ ആക്രമിച്ചത്. പാൽ വിതരണ വാൻ ആന തകർത്തു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു. കാറിനും ബൈക്കിനും നാശം വരുത്തി. റോഡിൽ മറ്റു നിരവധി വാഹനങ്ങളും ജനക്കൂട്ടവും ഉണ്ടായിരുന്നെങ്കിലും ആനകൾ പിന്തിരിയുകയായിരുന്നു.
കാട്ടാനകൾ കടന്നുപോയ ഇടങ്ങളിലെല്ലാം നാശം വിതച്ചു. ഇരിങ്ങാട്ടിരിയിൽ കൊറ്റങ്ങോടൻ ഫാത്തിമയുടെ വീടിന്റെ ഷെഡ് അടിച്ചുതകർത്തു. പള്ളിപ്പറമ്പ്, പായിപ്പുല്ല് എന്നിവിടങ്ങളിൽ വാഴ, റബർ മരങ്ങൾ നശിപ്പിച്ചു. ഇരിങ്ങാട്ടിരി നടുത്തൊടിക ഷൗക്കത്തിന്റെ കിണറ്റിൽ വീണ കൊമ്പൻ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്വയം കരകയറി. ഇതിനിടെ കിണറിന്റെ ആൾമറ തകർന്നു. തൊട്ടടുത്തുള്ള കുളിമുറി തകർക്കാനും ആന ശ്രമിച്ചു.
ദ്രുതകർമസേനയും പൊലീസും നാട്ടുകാരും ഏറെ ശ്രമിച്ചതിനൊടുവിൽ രാവിലെ 11ഓടെയാണ് ആനകൾ പറയൻമാട് വനമേഖലയിലേക്കു കയറിയത്. രണ്ടു വർഷം മുമ്പും ഈ ഭാഗത്ത് ഒറ്റയാനെത്തിയിരുന്നു.