മയക്കുവെടിയേറ്റ ‘കൂട്ടുകാര’നെ താങ്ങിനിർത്തി ഏഴാറ്റുമുഖം ഗണപതി
text_fieldsമയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതിയെന്ന ആന ചേർത്തുപിടിച്ച് നിൽക്കുന്നു
അതിരപ്പിള്ളി: മസ്തകത്തിന് മുറിവേറ്റ കാട്ടാനക്ക് മയക്കുവെടിയേറ്റപ്പോൾ ഒപ്പം വേർപിരിയാത്ത കൂട്ടുകാരനായ ‘ഏഴാറ്റുമുഖം ഗണപതി’യുമുണ്ടായിരുന്നു. മയക്കുവെടിവെച്ച ശേഷം ദൗത്യ സംഘാംഗങ്ങളുടെ കണ്ണുപാഞ്ഞതും മയക്കത്തിലേക്ക് വീഴുന്ന കൊമ്പനെ വിടാതെ ചേർത്തുപിടിച്ച് ഉണർത്താനും തുമ്പിക്കൈ കൊണ്ട് താങ്ങിനിർത്താനും ബുദ്ധിമുട്ടുന്ന ഗണപതിയിലേക്കാണ്. കൂട്ടുകാരന്റെ വേർപിരിയൽ ആറാമിന്ദ്രിയം കൊണ്ട് തിരിച്ചറിഞ്ഞെന്ന പോലെ ഒപ്പംനിന്ന ഗണപതിയെ റബർ ബുള്ളറ്റ് കൊണ്ട് കാട്ടിലേക്ക് ഓടിച്ചുവിട്ട ശേഷമാണ് ദൗത്യസംഘത്തിന് മയങ്ങിവീണ ആനക്ക് അരികിലേക്ക് എത്താൻ കഴിഞ്ഞത്.
ഈ രണ്ട് കാട്ടാനകളും വേർപിരിയാത്ത ബന്ധമായിരുന്നു. കാലങ്ങളായി ചാലക്കുടിപ്പുഴയിൽ നീരാടിയും പുഴയോരത്തെ എണ്ണപ്പനകൾ കുത്തിമറിച്ചും ഒരുമിച്ച് വിഹരിക്കുന്നത് പ്രകൃതി സ്നേഹികളുടെ മനം കവരുന്ന കാഴ്ചയായിരുന്നു.
കാലടി പ്ലാന്റേഷനിലും ഏഴാറ്റുമുഖത്തും വെറ്റിലപ്പാറയിലുമായിരുന്നു ഇവരുടെ വിളയാട്ടം. രോഗബാധിതനായ കൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയതോടെ ദീർഘകാല സൗഹൃദത്തിനാണ് അന്ത്യമായത്.
ബുധനാഴ്ച പുലർച്ചെ മുറിവേറ്റ കൊമ്പനെ കണ്ടെത്തിയതു മുതൽ വേർപിരിയാതെ ഏഴാറ്റു മുഖം ഗണപതിയും ഒപ്പമുണ്ടായിരുന്നു. പുഴ നീന്തി പ്ലാന്റേഷൻ ഭാഗത്തേക്ക് ഇരുവരും ഒരുമിച്ചാണ് എത്തിയത്. മയക്കുവെടി വെക്കാൻ കാത്തുനിന്ന വനപാലകരുടെ സംഘം ഇവരെ വേർതിരിക്കാൻ പ്രയാസപ്പെട്ടു. ഒടുവിൽ രണ്ടും കൽപിച്ച് മുറിവേറ്റ കൊമ്പനെ മാത്രം വിദഗ്ധമായി മയക്കുവെടിവെക്കുകയായിരുന്നു. മയങ്ങിത്തുടങ്ങിയതു മുതൽ തുമ്പിക്കൈ കൊണ്ട് തഴുകിയും കുട്ടിക്കൊമ്പുകൊണ്ട് കുത്തിയും ഗണപതി കൂട്ടുകാരനെ ഉണർത്താൻ പാടുപെടുന്ന കാഴ്ച മൃഗസ്നേഹികളുടെ കണ്ണ് നനയിക്കുന്നതായി.