ഇ.എൽ.ഐ പദ്ധതി: പ്രോവിഡന്റ് ഫണ്ട് ഓഫിസുകളിൽ തിരക്കേറി
text_fieldsപാലക്കാട്: ഇ.എൽ.ഐ പദ്ധതി ആനുകൂല്യങ്ങൾക്കായി യു.എ.എൻ-ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 15ന് അവസാനിക്കാനിരിക്കെ പ്രോവിഡന്റ് ഫണ്ട് ഓഫിസുകളിൽ തിരക്കേറി. കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്ര സർക്കാർ ആരംഭിച്ച ഇ.പി.എഫ് പദ്ധതിയാണ് എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റിവ് (ഇ.എൽ.ഐ). പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ യു.എ.എൻ നമ്പർ ലഭിച്ച തൊഴിലാളികൾ ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കണം.
ഇ.പി.എഫ്.ഒ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റിവ് (ഇ.എൽ.ഐ) പോലുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ യു.എ.എൻ (യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ) ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധിയാണ് മാർച്ച് 15. പുതുതായി ഇ.പി.എഫ്.ഒ അംഗത്വം നേടിയവര്‍ക്ക് എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റിവ് (ഇ.എൽ.ഐ) പദ്ധതി വഴി മൂന്നു ഗഡുക്കളായി സാമ്പത്തികസഹായം നേടാമെന്നാണ് സർക്കാർ പറയുന്നത്.
2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റിവ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ ജീവനക്കാര്‍ക്ക് സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി കേന്ദ്രസർക്കാർ പറയുന്നത്. പദ്ധതിക്കു കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് മൂന്നു തവണയായി 15,000 രൂപ വരെ ലഭിക്കും. സ്കീം ബിയും സിയും തൊഴിലുടമ സൗഹൃദംകൂടിയാണ്. ഓരോ അധിക ജീവനക്കാരനും അവരുടെ ഇ.പി.എഫ്.ഒ സംഭാവനയായി രണ്ടു വർഷത്തേക്ക് തൊഴിലുടമകൾക്ക് പ്രതിമാസം 3000 രൂപ വരെ സർക്കാർ തിരികെ നൽകുന്നതാണ് പദ്ധതി.
യു.എ.എൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?
ഇ.പി.എഫ് സേവാ പോർട്ടൽ സന്ദർശിച്ച് അംഗത്തിനുതന്നെ ആധാർ നമ്പർ ബന്ധിപ്പിക്കാൻ കഴിയും. അതിനുശേഷം ലിങ്കേജ് പൂർത്തിയാക്കാൻ തൊഴിലുടമ അത് അംഗീകരിക്കണം. മാത്രമല്ല, അംഗത്തിന് തന്റെ തൊഴിലുടമയോട് ആധാർ നമ്പർ യു.എ.എന്നുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെടാനുമാകും. തൊഴിലുടമയുടെ ഇടപെടലില്ലാതെയും അംഗത്തിന് തന്റെ യു.എ.എൻ ആധാറുമായി ബന്ധിപ്പിക്കാം. ഇതിന് ഇ.പി.എഫ്.ഒ വെബ്സൈറ്റിന്റെ ഹോം പേജിൽ ലഭ്യമായ ഓൺലൈൻ സേവനത്തിനു കീഴിലെ ‘ഇ-കെ.വൈ.സി പോർട്ടൽ’ അല്ലെങ്കിൽ ഉമാങ് ആപ്പിലെ ഇ.പി.എഫ്.ഒക്കു കീഴിലുള്ള ഇ-കെ.വൈ.സി സേവനവും ഉപയോഗിക്കാം.