അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: പ്രത്യേക നടപടി സ്വീകരിക്കണം- എം.ജി രാജമാണിക്യം
text_fieldsതൃശൂർ: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം അന്വേഷിക്കാൻ പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം ( എസ്.ഒ.പി) റവന്യൂ- സർവേ വകുപ്പുകൾ സംയുക്തമായി തയാറാക്കണമെന്ന് റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യം. അട്ടപ്പാടിയിലെ വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ ആദിവാസി ഊരുകൾ സന്ദർശിച്ചശേഷം റവന്യൂ സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ശിപാർശ.
അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ആറ് വില്ലേജുകളിലെ മുഴുവൻ ഭൂമിയുടെയും ഡിജിറ്റൽ സർവേ സമയബന്ധിതമായി (ആറ് മാസത്തിനുള്ളിൽ) നടത്തുന്നതിനും സ്കെച്ച് തയാറാക്കി സമർപ്പിക്കുന്നതിനും സർവേ ഡയറക്ടർക്ക് നിർദേശം നൽകണം. 1961-65 കാലഘട്ടത്തിലെ സർവേയും സ്കെച്ചും എ ആൻഡ് ബി രജിസ്റ്ററും കൂടി പരിശോധിച്ച് വേണം ഡിജിറ്റൽ സർവേ നടത്തേണ്ടത്. ഭൂമിയുടെ കൈവശം മാത്രം നോക്കി സർവേ ചെയ്യുന്ന രീതി അട്ടപ്പാടിയിൽ അവലംബിക്കരുത്.
1920 ലെ സെറ്റിൽമെൻറ് രജിസ്റ്ററിൻറെ പകർപ്പ് കണ്ടെത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം. സ്വാതന്ത്ര്യത്തിനുമുമ്പ് മലബാർ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. അതിനാൽ ഈ കാലയളവിലെ സെറ്റിൽമെൻറ് രജിസ്റ്ററിൻറെ പകർപ്പുകൾ കേരളത്തിലെ ബന്ധപ്പെട്ട പുരാവസ്തുശേഖരത്തിൽ ലഭ്യമല്ലെങ്കിൽ അത് കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരുമായി ആവശ്യമായ കത്തിടപാടുകൾ നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ അഗളി റേഞ്ചിൽ നിന്നും അട്ടപ്പാടി താലൂക്കിൽപ്പെട്ട ഷോളയൂർ വില്ലേജിലെ വെള്ളകുളം ആദിവാസി ഊരുകൂട്ടത്തിന് വനാവകാശ നിയമപ്രകാരം കൈവശാവകാശം നൽകിയ 982.43 ഏക്കർ വനം ഭൂമിയുണ്ട്. അതിൽ ഉൾപ്പെട്ട ഭൂമിക്ക് വനം വകുപ്പ് നൽകിയെന്ന് പറയപ്പെടുന്ന നിരാക്ഷേപപത്രങ്ങളുടെ (എൻ.ഒ.സി) അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ തണ്ടപ്പേർ അനുവദിച്ചുവെന്നും കരം സ്വീകരിച്ചുവെന്നും പരാതി ലഭിച്ചു. ഇക്കാര്യത്തിൽ റവന്യൂ വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. വനം വകുപ്പ് അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണം.
കമ്മ്യൂണിറ്റി അവകാശമുള്ള 982.43 ഹെക്ടർ ഭൂമിയിൽപ്പെട്ടതടക്കം 250 ഏക്കറിലധികം ഭൂമി സനാതന ചാരിറ്റബിൾ ട്രസ്റ്റ് അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി ആദിവാസികൾ പരാതി നൽകി. ഈ ഭൂമിയുമായി ബന്ധപ്പെട്ട് സിലിംഗ് പരിധിയിൽ ഇളവ് അനുവദിച്ച് നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. സീലിങ് കേസ് എടുത്തിട്ടില്ലെങ്കിൽ അതിനുള്ള നടപടി ലാൻഡ് ബോർഡ് സ്വീകരിക്കണം. സമാനമായ സാഹചര്യത്തിൽ മറ്റ് ട്രസ്റ്റുകളും സൊസൈറ്റികളും കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് സീലിംഗ് പരിധിയിൽ ഇളവ് നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് സമർപ്പിക്കണം.
മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ ഉൾപ്പെട്ട 300 ഏക്കറിലധികം ഭൂമി 'വാക്കാൽ പാട്ടം' പോലെയുള്ള അനധികൃതമായ കൈമാറ്റം മുഖേന തണ്ടപ്പേർ പിടിച്ച് കരം അടച്ച് വരുന്ന സാഹചര്യമുണ്ട്. ചില ഇടപാടുകളിൽ ഭൂമിക്ക് കരം അടച്ച രസീതിന്റെ പകർപ്പ് ഹാജക്കാക്കുന്ന വ്യക്തികളുടെ പേരിൽ പോക്കുവരവ് ചെയ്ത് തണ്ടപ്പേർ അനുവദിച്ചതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തണം. കൃത്യവിലോപം കണ്ടെത്തിയാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.
നികുതി രസീതിൻറെ പകർപ്പുകളുടെ മാത്രം അടിസ്ഥാനത്തിൽ പുതിയ തണ്ടപ്പേരുകൾ അനുവദിച്ചിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങളടങ്ങിയ ലിസ്റ്റും സമർപ്പിക്കണം. മൂപ്പിൽ നായർക്കെതിരെ സീലിംഗ് കേസ് എടുത്തിട്ടില്ലെങ്കിൽ അതിനുള്ള നടപടി ലാൻഡ് ബോർഡ് സ്വീകരിക്കണം.
രണ്ട് വർഷത്തിലധികം പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അട്ടപ്പാടിയിൽനിന്ന് സ്ഥലം മാറ്റണം. പുതൂർ വില്ലേജിൽ ഉടമസ്ഥത തെളിയിക്കുന്നതിന് പര്യാപ്തമായ രേഖകളില്ലാത്ത 378 ഏക്കൻ ഭൂമിയുടെ നികുതി സ്വീകരിച്ച മുൻ വില്ലേജ് ഓഫീസർ, തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ വീഴ്ച്ചയും അന്വേഷിക്കണം. കൃത്യവിലോപം കാട്ടിയ ഉദ്യേഗസ്ഥർക്കെതിരെ നിയമാനുസൃതമായി ശിക്ഷാ നടപടികൾ സ്വീകരിക്കണം.
1999ലെ നിയമപ്രകാരം അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാതെ ആദിവാസികളെ കുടിയിറക്കുന്നുണ്ട്. ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് തത്തുല്യമായ ഭൂമി സർക്കാർ കണ്ടെത്തി നൽകണമെന്നാണ് നിയമം. പകരം ഭൂമി നൽകാതെ ആദിവാസികൾ കൈവശം വച്ചും താമസിച്ചും വരുന്ന ഭൂമിയിൽനിന്നും ബലംപ്രയോഗിച്ച് ഒഴിപ്പിക്കേണ്ടതില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം.
നിലവിലുള്ള എല്ലാ ഭൂരേഖകളും സാമൂഹികാവകാശം ഉൾപ്പെടെയുളള വനാവകശങ്ങളും അടിയന്തിരമായി സ്കാൻ ചെയ്ത് ഡിജിറ്റലായി സംരക്ഷിക്കുന്നതിനുള്ള നടപടി ലാൻഡ്റവന്യൂ കമീഷണർ സ്വീകരികകണം.
അട്ടപ്പാടിയിലെ സർക്കാർ / പൊതു ഭൂമിയിലെ കൈയേറ്റങ്ങളും വനാവകാശ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടികവർഗക്കരല്ലത്തവർ കൈവശം വെക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു റിപ്പോർട്ട് നൽകണം. ഇക്കാര്യത്തിൽ പട്ടിക വർഗ വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജിനെ ചുമതലപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.


