കെ.എസ്.ആർ.ടി.സിയെ എ.ഐയാക്കാൻ ആപ്പുമായി എൻജിനീയറിങ് വിദ്യാർഥികൾ
text_fieldsകെ.എസ്.ആർ.ടി.സി എ.ഐ കണക്ട് ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനെ കുറിച്ച് മന്ത്രി
കെ.ബി. ഗണേഷ് കുമാറിനോട് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്
വിദ്യാർഥികൾ വിശദീകരിക്കുന്നു
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സിയെ എ.ഐ മൂഡിലേക്ക് എത്തിക്കാൻ ആപ്പുമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ‘എ.ഐ കണക്ട്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഉപയോഗിക്കുന്നതിനുള്ള പുറപ്പാടിലാണ് കെ.എസ്.ആർ.ടി.സി. ചെങ്ങന്നൂർ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ എ.ഐ ആൻഡ് എം.എൽ വിദ്യാർഥികളാണ് കെ.എസ്.ആർ.ടി.സിയുടെ സേവനം സാധാരണക്കാരിലേക്ക് കൂടുതൽ എത്തിക്കാനായി, മെച്ചപ്പെട്ട സൗകര്യങ്ങളുമായി എ.ഐ കണക്ട് എന്ന പുതിയ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ വികസിപ്പിച്ചത്. ഇ- ടിക്കറ്റിങ്,
സ്ലീപ് ഫ്രണ്ട്ലി അലർട്ട്, പാർക്കിങ് റിസർവേഷൻസ് ഫോർ പ്രൈവറ്റ് വെഹിക്കിൾസ്, സീറ്റ് ഹോൾഡിങ് സ്റ്റൈൽ ബുക്കിങ്, ബസ് യാത്രക്കിടയിൽ നഷ്ടപ്പെടുന്ന സാധനങ്ങൾ പെട്ടെന്ന് തിരിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫെസിലിറ്റി, ലൈവ് ട്രാക്കിങ് ഫെസിലിറ്റി, പാസഞ്ചർ ഫീഡ്ബാക്ക് ഫെസിലിറ്റി തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ആപ്പിലൂടെ വിദ്യാർത്ഥികൾ തയാറാക്കിയിരിക്കുന്നത്.
കോളജ് പ്രിൻസിപ്പൽ വി.എസ്. ഹരി, മെഷീൻ ലേണിങ് അധ്യാപിക ശാന്തി വിശ്വം, ക്ലാസ് അഡ്വൈസർ ശ്യാമ എന്നിവരുടെ മാർഗനിർദേശത്തോടെ വിദ്യാർഥികളായ എസ്. മീനാക്ഷി, യു.എസ്. കാശിനാഥ്, എസ്. അനുശ്രീ, പാർവതി വി. നായർ, പി. പ്രദീപ്, നന്ദു പ്രസാദ് എന്നിവരാണ് പുതിയ ആപ്പിന്റെ ശിൽപികൾ. കോളജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകർ അനുമതി നൽകിയ ശേഷം കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ എത്തി മന്ത്രി കെ.ബി. ഗണേഷ് കുമാറിനു മുന്നിൽ വിദ്യാർഥികൾ ആപ്പിനെ കുറിച്ച് വിശദീകരിച്ചു.
മന്ത്രി,കെ.എസ്.ആർ.ടി.സി ഐ.ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. നിഷാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ആപ്പ് വിശദമായി പരിശോധിക്കാൻ നൽകി. ഉന്നത നിലവാരം പുലർത്തിയെന്ന് മനസ്സിലാക്കിയതോടെ ആപ്പ്, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് ഫോർവേഡ് ചെയ്യാൻ നിർദേശിച്ചു. ആപ്പ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും വിദ്യാർഥികൾക്ക് നൽകുമെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ ആപ്പിന്റെ പ്രവർത്തന രീതികൾ വിശദമായി മനസ്സിലാക്കിയ മന്ത്രി സജി ചെറിയാൻ വിദ്യാർഥികളെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പുക മലിനീകരണത്തിനും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ ആളുകളെ പൊതുഗതാഗത്തിലേക്ക് ആകർഷിക്കുന്നതിനും പുതിയ ആപ്പ് പ്രയോജനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


