കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഇ.പിയുടെ ‘ബോംബ്’; ഇത്തവണ കടത്തിവെട്ടി ഗോവിന്ദൻ
text_fieldsകണ്ണൂർ: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തൽ പാർട്ടിയെ ഞെട്ടിച്ചിരുന്നു.
ബി.ജെ.പിയിൽ ചേരാൻ ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിനൊപ്പം ചർച്ച നടത്തിയെന്ന് ചില ബി.ജെ.പി നേതാക്കൾ തലേന്നുവരെ പറഞ്ഞുകൊണ്ടിരുന്നു. പാർട്ടി നേതൃത്വം ഇ.പിയെ പ്രതിരോധിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇ.പി കൂടിക്കാഴ്ച ശരിയെന്ന് ഏറ്റുപറഞ്ഞത്.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജന്റേതായി ആത്മകഥ പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കി. ആ കഥ തന്റേതല്ലെന്ന് പറഞ്ഞ് ഇ.പി. ജയരാജൻ നിഷേധിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ആത്മകഥ പുറത്തുവന്നതിൽ പലരും ദൂരൂഹത ആരോപിച്ചിരുന്നു. ഇങ്ങനെ തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇ.പിയെ ചുറ്റിപ്പറ്റിയുള്ള വിവാദം പാർട്ടിക്ക് തലവേദനയായി.
പാപിക്കൊപ്പം ശിവൻകൂടിയാൽ ശിവനും പാപിയായിടുമെന്ന് പറഞ്ഞ് ഇ.പി. ജയരാജനെ പിണറായി വിജയൻ വരെ തള്ളിപ്പറഞ്ഞിരുന്നു.