ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് എ.പി. അബ്ദുല്ലക്കുട്ടി, ‘പക്ഷേ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നില്ല.’
text_fieldsകണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാൽ ബി.ജെ.പി അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇ.പി. ജയരാജന്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബി.ജെ.പിയില്‍ എടുക്കാന്‍ പറ്റില്ലല്ലോ. ജയരാജന് ഞങ്ങളുടെ കൂടെവരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. പ്രകാശ് ജാവദേക്കറെ കണ്ടതും അതിനുവേണ്ടിയായിരുന്നു. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജരാജന്‍ വേണ്ട എന്നാണ് ബി.ജെ.പിയില്‍ ഉണ്ടായ വികാരം. കാരണം, ജയരാജനേപ്പോലുള്ള ആള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ബി.ജെ.പി,’ അബ്ദുല്ലക്കുട്ടി പറഞ്ഞു.
തന്‍റെ മകനെ ബി.ജെ.പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ മകനെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചിരുന്നു. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഇ.പി ജയരാജൻ പറയുന്നു.
‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിലെ ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിൽ ഇ.പി പറയുന്നു. ബി.ജെ.പി നേതാവ് പ്രകാശ്ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് മകനെ ബി.ജെ.പി നേതാവ് ബന്ധപ്പെട്ട കാര്യവും ജയരാജന്‍ വെളിപ്പെടുത്തുന്നത്.
അവിചാരിതമായാണ് ദല്ലാള്‍ നന്ദകുമാറിനൊപ്പം പ്രകാശ് ജാവദേക്കര്‍ തന്നെ വന്നുകണ്ടതെന്ന് ജയരാജന്‍ ആത്മകഥയിൽ പറയുന്നു. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയേറ്റെടുത്തശേഷം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും കാണുന്നതിന്റെ ഭാഗമായുള്ള അനൗപചാരിക കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. ബിനോയ് വിശ്വം, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി പലരെയും കണ്ടതായും പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇതെടുത്തിട്ടത് ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്ന് ജയരാജന്‍ ചോദിക്കുന്നു. പ്രകാശ് ജാവദേക്കര്‍ മകന്റെ വീട്ടിലേക്ക് കയറിവന്നത് തന്നെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ചര്‍ച്ചയുടെ ഭാഗമായാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പിന്നെയും കഥകളുണ്ടാക്കി. ശോഭാ സുരേന്ദ്രനാണ് അതിലൊരാള്‍, ജയരാജൻ പറയുന്നു.


